കുഷ്ഠ രോഗം സംസ്ഥാനത്ത് മടങ്ങിയെത്തുന്നതായി സൂചന; ഈ വർഷം രോഗം സ്ഥിരീകരിച്ചത് 164 പേരിൽ

നിവാരണം ചെയ്യപ്പെട്ടുവെന്ന് കരുതിയ കുഷ്ഠ രോഗം സംസ്ഥാനത്ത് മടങ്ങിയെത്തുന്നതായി സൂചന നൽകി രോഗികളുടെ എണ്ണത്തിൽ വർധന. ഈ വർഷം മാത്രം കുട്ടികൾ ഉൾപ്പെടെ 164 പേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 121 പേർക്ക് പകർച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗമാണ്.
ആരോഗ്യവകുപ്പ് നടത്തിയ അശ്വമേധം കുഷ്ഠ രോഗ നിർണയ കാമ്പയിനിലാണ് രോഗികളുടെ എണ്ണത്തിൽ വർധനവുണ്ടായതായി വ്യക്തമായത്. ഡിസംബർ അഞ്ചിന് ആരംഭിച്ച കാമ്പയിനിൽ കഴിഞ്ഞ വർഷം മാത്രം 275 പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതുതായി 164 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. ഇതിൽ 14 പേർ കുട്ടികളാണ്. 13 പേർക്ക് വൈകല്യങ്ങളോടു കൂടിയ കുഷ്ഠ രോഗവും. ജനുവരി 13 വരെയുള്ള കണക്കാണിത്.
പുതുതായി രോഗം സ്ഥിരീകരിച്ച 121 പേർക്ക് പകർച്ചശേഷി കൂടുതലുള്ള കുഷ്ഠരോഗമാണ്. 14 കുട്ടികളിൽ നാല് പേർക്കും സമാന സ്ഥിതിയാണ്. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത്. തൊട്ടു പിന്നിൽ മലപ്പുറവും. തൃശൂർ, കണ്ണൂർ, എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, കാസർകോഡ് തുടങ്ങിയവയാണ് രോഗികൾ കൂടുതലുള്ള മറ്റു ജില്ലകൾ. ഈ എട്ട് ജില്ലകളിൽ മാത്രമാണ് നിലവിൽ വീടുകൾ കയറിയുള്ള പരിശോധന നടത്തിയത്. രോഗികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയ സാഹചര്യത്തിൽ
മറ്റു ജില്ലകളിലേക്ക് കൂടി പരിശോധന വ്യാപിപ്പിക്കാനുള്ള നീക്കത്തിലാണ് ആരോഗ്യ വകുപ്പ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here