മഹാത്മാ ഗാന്ധി സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിവരുന്ന സമരം ഒൻപതാം ദിവസത്തിലേക്ക്

ഗവേഷക വിദ്യാർഥികൾക്ക് ഫെലോഷിപ്പ് അനുവദിക്കാൻ തയ്യാറാകാത്ത സിൻഡിക്കേറ്റ് നടപടിക്കെതിരെ മഹാത്മാ ഗാന്ധി സർവകലാശാലയിൽ വിദ്യാർഥികൾ നടത്തിവരുന്ന സമരം ഒൻപതാം ദിവസത്തിലേക്ക്. എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് സർവ്വകലാശാല ആസ്ഥാനത്ത് രാപകൽ സമരം നടക്കുന്നത്.
സംസ്ഥാനത്തെ മറ്റ് സർവ്വകലാശാലകൾ ഗവേഷക വിദ്യാർഥികൾക്ക് നൽകുന്ന ഫെലോഷിപ്പ് എം.ജി സർവകലാശാലയിലും ലഭ്യമാക്കണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം. നിരവധി പരാതികൾ നൽകിയിട്ടും നടപടി ഉണ്ടാകാതായതോടെയാണ് ഇവർ സമരത്തിലേക്ക് നീങ്ങിയത്. പി.എച്ച്.ഡി വിദ്യാർത്ഥികൾക്ക് നാല് വർഷമായി ഫെലോഷിപ്പ് മുടങ്ങി കിടക്കുകയാണ്. എം.ഫില്ലുകാർക്ക് കോഴ്‌സുകൾ തുടങ്ങി നാളിന്നുവരെ ഒറ്റ രൂപപോലും നൽകിയിട്ടുമില്ല. ആവശ്യമുന്നയിക്കുമ്പോൾ ഫണ്ടില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. എന്നാൽ ഇത് സിൻഡിക്കേറ്റിന്റെ നാടകമാണെന്ന്് എസ്.എഫ്.ഐ ആരോപിക്കുന്നു
സമരത്തെ തുടർന്ന് രണ്ട് തവണ ചർച്ച നടന്നെങ്കിലും അധികൃതർ വാഗ്ദാനം ചെയ്ത തുക പര്യാപ്തമല്ലെന്ന വാദത്തിൽ വിദ്യാർത്ഥികൾ പ്രതിഷേധ സമരം തുടരുകയാണ്. അനുകൂല നടപടി ഉണ്ടാകും വരെ രാപകൽ സമരം തുടരുമെന്ന് എസ്.എഫ്.ഐ അറിയിച്ചു
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here