പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസിന് നാളെ വാരാണസിയില്‍ തുടക്കമാകും

പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസിന് നാളെ വാരാണസിയില്‍ തുടക്കമാകും. ബി.ജി.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇത്തവണത്തെ സമ്മേളനം മാറിയെന്നും പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്നും ഇതിനകം പരാതി ഉയര്‍ന്നു.
ദക്ഷിണാഫ്രിക്കയില്‍ നിന്നും മഹാത്മാഗാന്ധി ഇന്ത്യയില്‍ തിരിച്ചെത്തിയതിന്റെ ഓര്‍മ്മയ്ക്കായി ജനുവരി ഒമ്പതിനാണ് പ്രവാസി ഭാരതീയ ദിവസ് നടത്തി വന്നിരുന്നത്. എന്നാല്‍ പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് നടക്കുന്നത് ഈ ജനുവരി ഇരുപത്തിയൊന്ന് മുതല്‍ ഇരുപത്തിമൂന്ന് വരെയാണ്. കുംഭമേളയുമായി സമന്വയിപ്പിച്ചു വാരാണസിയിലാണ് ഇത്തവണത്തെ സമ്മേളനം. തിയ്യതിയിലെ മാറ്റവും പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസി തെരഞ്ഞെടുത്തതും ലോകസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന ആരോപണം ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. ഗള്‍ഫിലെ പ്രവാസികള്‍ തിരിച്ചു പോയിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ പോലും പുനരധിവാസം പോലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നില്ലെന്ന് സമ്മേളന പ്രതിനിധി കെ.ടി.എ മുനീര്‍ ആരോപിച്ചു.
കുംഭമേളയിലും ദില്ലിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിലും സമ്മേളന പ്രതിനിധികള്‍ പങ്കെടുക്കും. സമ്മേളനത്തിനായി പ്രത്യേക പ്രവാസി ഗ്രാമം തന്നെ ഒരുക്കുകയാണ് യു.പി സര്‍ക്കാര്‍. രാഷ്ട്രപതി പ്രധാനമന്ത്രി തുടങ്ങിയവരും മൌറീഷ്യസ് പ്രധാനമന്ത്രി പ്രവീന്ത് ജുഗ്നൗത്ത ഉള്‍പ്പെടെ വിദേശികളും സമ്മേളനത്തില്‍ പങ്കെടുക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here