നാട്ടുകാരുടെ പ്രതിഷേധം; കളമശ്ശേരി-വല്ലാർപാടം കണ്ടെയ്നർ റോഡിൽ ടോൾ പിരിവ് ആരംഭിക്കാനുള്ള നീക്കം തടസപ്പെട്ടു

കളമശ്ശേരി – വല്ലാർപാടം കണ്ടെയ്നർ റോഡിൽ ടോൾ പിരിവ് തുടങ്ങാനുള്ള ശ്രമം നാട്ടുകാരുടെ പ്രതിഷേധത്തെത്തുടർന്ന് തടസപ്പെട്ടു. തൽക്കാലം ട്രോൾ പിരിവ് നടത്തില്ല. കളക്ടറുമായി ചർച്ച ചെയ്ത ശേഷമായിരിക്കും ഇനിയൊരു തീരുമാനമുണ്ടാവുക. സർവീസ് റോഡിൻറെ പണി പൂർത്തിയായാൽ മാത്രമേ ടോൾ പിരിക്കാൻ അനുവദിക്കു എന്നാണ് നാട്ടുകാരുടെ നിലപാട്.
രാവിലെ എട്ടുമണിക്ക് തന്നെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നാട്ടുകാർ ടോൾപ്ലാസക്ക് മുന്നിൽ പ്രതിഷേധവുമായി എത്തി. തുടർന്ന് ടോൾ പിരിവ് ആരംഭിക്കാനുള്ള ദേശീയപാത അതോറിറ്റിയുടെ നീക്കത്തെ നാട്ടുകാർ തടസ്സപ്പെടുത്തി.വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സർവീസ് റോഡിൻറെ പണി പൂർത്തീകരിക്കുന്നതിന് മുന്നേയുള്ള ടോൾ പിരിവ് അനുവദിക്കില്ലെന്നും സ്വന്തം നാട്ടിൽ സഞ്ചാരസ്വാതന്ത്ര്യം ഹനിക്കുന്ന ടോൾ പിരിവിനെ ശക്തമായി എതിർക്കുമെന്നും നാട്ടുകാർ പറഞ്ഞു.
പ്രതിഷേധത്തെ തുടർന്ന് ദേശീയപാത അതോറിറ്റി സ്ഥാപിച്ചിരുന്ന ടോൾ ബൂത്തുകളിൽ നിന്നും അധികൃതർ ഉപകരണങ്ങൾ എടുത്തുമാറ്റി. തുടർന്ന് പ്രോജക്ട് ഡയറക്ടർ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി.
ഇക്കാര്യത്തിൽ കളക്ടറുമായി ചർച്ച നടത്തിയശേഷം തീരുമാനമെടുക്കാമെന്ന് ഉറപ്പിൽ ടോൾ പിരിക്കാനുള്ള തീരുമാനം താൽക്കാലികമായി നിർത്തിവച്ചു. വലിയ വാഹനങ്ങൾക്ക് എങ്കിലും ടോൾ പിരിവ് നടത്താൻ അനുവദിക്കണമെന്നാണ് ദേശീയപാത അതോറിറ്റിയുടെ ആവശ്യം. എന്നാൽ ടോൾ പിരിക്കാനുള്ള നീക്കത്തെ ശക്തമായ രീതിയിൽ എതിർക്കാനാണ് നാട്ടുകാരുടെ തീരുമാനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here