കങ്കണ ഇരവാദം പറഞ്ഞ് വിശ്വാസം പിടിച്ചുപറ്റുന്നു: കങ്കണയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി തിരക്കഥാകൃത്ത്

കങ്കണ റണാവത്ത് പ്രധാനവേഷത്തിലെത്തുന്ന ‘മണികര്‍ണിക; ദ ക്വീന്‍ ഓഫ് ഝാന്‍സി ‘ പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെ നടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ തുടരുന്നു. നേരത്തെ ഗുരുതരമായ ആരോപണങ്ങളുമായി സംവിധായകന്‍ കൃഷ് ജഗര്‍ലാമുടി രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ കൃഷ് ആണ് ചിത്രം സംവിധാനം ചെയ്തിരുന്നത്. എന്നാല്‍ അവസാന ഘട്ടത്തില്‍ കൃഷ് ചിത്രത്തില്‍ നിന്ന് പിന്‍മാറി. തുടര്‍ന്ന് മണികര്‍ണികയുടെ സംവിധാനം കങ്കണ ഏറ്റെടുത്തു. ചിത്രത്തില്‍ നിന്ന് താന്‍ പുറത്ത് പോകാന്‍ കാരണം കങ്കണയാണെന്ന് കൃഷ് പറയുന്നത്.
കൃഷിന്റെ വെളിപ്പെടുത്തല്‍ വിവാദമായതോടെ കങ്കണയ്‌ക്കെതിരേ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് തിരക്കഥാകൃത്ത് അപൂര്‍വ അസ്രാണി. 2017 ല്‍ പുറത്തിറങ്ങിയ സിമ്രാന്‍ എന്ന സിനിമയുടെ തിരക്കഥ രചിച്ചത് അപൂര്‍വയും കങ്കണയും ചേര്‍ന്നാണ്. ഹന്‍സല്‍ മേഹ്തയാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയില്‍ നിന്ന് തന്റെ പേര് നീക്കം ചെയ്യാന്‍ കങ്കണ അണിയറയില്‍ കരുക്കള്‍ നീക്കിയെന്ന് അപൂര്‍വ ആരോപിക്കുന്നു.
Read More:പെണ്‍പോരാളി ഝാന്‍സി റാണിയുടെ കഥ പറഞ്ഞ് ‘മണികര്‍ണിക’; ട്രെയ്‌ലര്‍ കാണാം
‘കൃഷ് ഇപ്പോള്‍ അനുഭവിക്കുന്ന അവസ്ഥയിലൂടെ ഞാന്‍ പണ്ട് കടന്നുപോയതാണ്. സിമ്രാന്റെ തിരക്കഥ ഞാന്‍ അത്രമാത്രം അഭിനിവേശത്തോടെയാണ് എഴുതിയത്. എന്നാല്‍ സ്വന്തം കഴിവില്‍ വിശ്വാസമില്ലാത്ത കങ്കണ മറ്റുപല അഭിനേതാക്കളുടെയും കഥാപാത്രങ്ങളെ വെട്ടിമാറ്റി. കൃഷിന്റെ വിശ്വാസ്യത തകര്‍ക്കാന്‍ കങ്കണ ഏതറ്റം വരെയും പോലും. ഏറ്റവും ദുഖകരമായ സംഗതി എന്താണെന്നാല്‍ മാധ്യമങ്ങളും കപടസ്ത്രീപക്ഷവാദം പറയുന്നവരും നിങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറാകില്ല.
‘കങ്കണയുടെ കളികള്‍ ക്രൂരമാണ്. ആദ്യം ഇരവാദം പറഞ്ഞാണ് അവര്‍ ജയിക്കുന്നതും പലരുടെയും വിശ്വാസം പിടിച്ചു പറ്റുന്നതും. നിഷ്‌കളങ്കയാണെന്ന് കരുതി മറ്റുളള ജോലികളെല്ലാം മാറ്റി വച്ച് നൂറ് ശതമാനവും നിങ്ങള്‍ അവര്‍ക്ക് നല്‍കും. എന്നാല്‍ ആ സംരംഭം പൂര്‍ത്തിയായാല്‍ അവര്‍ നിങ്ങളെ പുറത്തെറിയും. എതിര്‍ത്താല്‍, മാധ്യമങ്ങളെ ഉപയോഗിച്ച് നിങ്ങളെ വ്യക്തിഹത്യ ചെയ്യും’ അപൂര്‍വ പറയുന്നു.
റാണിലക്ഷ്മി ബായിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ മണികര്‍ണികയില്‍ നിന്ന് പല ചരിത്രകഥാപാത്രങ്ങളെയും കങ്കണ നീക്കം ചെയ്തുവെന്ന് കൃഷ് ആരോപിക്കുന്നു. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ അതില്‍ കൃഷിന്റെ പേര് ഉണ്ടായിരുന്നില്ല. സംവിധാന പദവി കൃഷിനൊപ്പം പങ്കുവയ്ക്കാന്‍ കങ്കണ താല്‍പര്യം പ്രകടിപ്പിക്കാത്തതായിരുന്നു അതിന് കാരണം. എന്നാല്‍ സംഭവം വലിയ ചര്‍ച്ചയായപ്പോള്‍ നിര്‍മാതാക്കളുടെ നിര്‍ബന്ധത്തിന് കങ്കണ വഴങ്ങി കങ്കണ കൃഷിന്റെ പേര് കൂടി ഉള്‍പ്പെടുത്തുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here