Advertisement

കനയ്യകുമാറിനെയും ഷെഹ്‌ല റാഷിദിനെയും കോണ്‍ഗ്രസ് പരിപാടിയില്‍ നിന്നും ഒഴിവാക്കി

January 29, 2019
Google News 1 minute Read

ജെഎന്‍യു മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെയും ഷെഹ്‌ല റാഷീദിനെയും ഡല്‍ഹിയില്‍ നടത്താനിരുന്ന പരിപാടിയില്‍ നിന്നും കോണ്‍ഗ്രസ് ഒഴിവാക്കി. ’72ാം രക്തസാക്ഷി ദിനത്തില്‍ ഗാന്ധിയെ ഓര്‍ക്കുമ്പോള്‍’ എന്ന സംവാദ പരിപാടിയില്‍ നിന്നുമാണ് ഇരുവരെയും ഒഴിവാക്കിയത്. പ്രൊഫ. അപൂര്‍വ്വാനന്ദ്, അശോക് വാജ്‌പേയി, മനോജ് കെ ഷാ എന്നിവരടങ്ങിയ പാനലിലെ മറ്റ് അംഗങ്ങളായി കനയ്യയെയും ഷെഹലയുമാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അവസാന നിമിഷം വിശദീകരണം പോലും നല്‍കാതെ ഇരുവരെയും പുറത്താക്കുകയായിരുന്നുവെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോണ്‍ഗ്രസ് വക്താവ് മനിഷ് തിവാരി, പ്രിയങ്കാ ചതുര്‍വേദി, രാജ്യസഭാംഗം കെടിഎസ് തുളസ് എന്നിവരാകും കനയ്യയ്ക്കും  ഷെഹ്‌ലയ്ക്കും പകരം പരിപാടിയില്‍ പങ്കെടുക്കുക. രാജ്യദ്രോഹക്കുറ്റം ചുമത്തി ഇരുവര്‍ക്കുമെതിരെ ഡല്‍ഹി പൊലീസ് കുറ്റപത്രം ചുമത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഇരുവരെയും പരിപാടിയില്‍ നിന്നും ഒഴിവാക്കിയതെന്നാണ് വിവരം. ഇരുവരെയും പരിപാടിയ്ക്ക് ക്ഷണിച്ച കോണ്‍ഗ്രസ് നടപടിയെ മനിഷ് തിവാരി പ്രശംസിച്ചിരുന്നെങ്കിലും അവരെ ഒഴിവാക്കിയതിന് അദ്ദേഹം വിശദീകരണമൊന്നും നല്‍കിയിട്ടില്ല. അതേസമയം പരിപാടിയില്‍ എത്തിച്ചേരാന്‍ സാധിക്കില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് ഇരുവരെയും പരിപാടിയില്‍ നിന്നും ഒഴിവാക്കിയതെന്ന് കോണ്‍ഗ്രസിന്റെ മൈനോരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

Read More:കനയ്യകുമാറിനും ഉമര്‍ഖാലിദിനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ജനുവരി പതിനാലിനാണ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ അടക്കം പത്ത് പേര്‍ക്കെതിരെ ഡല്‍ഹി പൊലീസ് രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. 2016 ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്നായിരുന്നു ഇവര്‍ക്കെതിരെയുള്ള കുറ്റം. കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചതിന് തെളിവുണ്ടെന്ന് പട്യാല കോടതിയില്‍ സമര്‍!പ്പിച്ച 1200 പേജുള്ള കുറ്റപത്രത്തില്‍ ഡല്‍ഹി  പൊലീസ് പറഞ്ഞിരുന്നു. തുടര്‍ന്ന് സര്‍ക്കാരില്‍ നിന്ന് പ്രൊസിക്യൂഷന്‍ മുന്‍കൂര്‍ അനുമതി വാങ്ങിയില്ലെന്ന് ചൂണ്ടിക്കാണിച്ച് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ദീപക് ഷെരാവത്ത് കുറ്റപത്രം തള്ളുകയും ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here