‘ജീവന്‍ പണയം വച്ച് പാമ്പ് പിടിക്കുന്നത് ഒരു സേവനമോ ഹീറോയിസമോ അല്ല, തികച്ചും അനാവശ്യം’

വാവ സുരേഷിന്റെ പാമ്പുപിടുത്തത്തെ വിമര്‍ശിച്ച് ഡോക്ടര്‍ നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വാവ സുരേഷിന്റെ ജീവന്‍ പണയം വെച്ചുള്ള പാമ്പു പിടുത്തം ഒരു സേവനമോ ഹീറോയിസമോ ധൈര്യമോ അല്ല, തികച്ചും അനാവശ്യവും അപകടകരവുമാണെന്ന് നെല്‍സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വാവ സുരേഷിനെ പത്മപുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്ത ശശി തരൂര്‍ എം പിയെ വിമര്‍ശിച്ച് നെല്‍സണ്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു. ഇതിന് ഒരു പ്രസംഗത്തില്‍ വാവ സുരേഷ് മറുപടി നല്‍കിയ പശ്ചാത്തലത്തിലാണ് നെല്‍സണ്‍ ജോസഫ് വീണ്ടും കുറിപ്പെഴുതിയത്.
വാവ സുരേഷിന്റെ അശാസ്ത്രീയമായ പാമ്പുപിടുത്തത്തെ പോസ്റ്റില്‍ നെല്‍സണ്‍ വിമര്‍ശിക്കുന്നുണ്ട്. പാമ്പ് പിടുത്തത്തിനുള്ള മുന്‍ കരുതലുകളെക്കുറിച്ച് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. പാമ്പിനെ പിടിക്കരുതെന്നല്ല, സുരക്ഷയ്ക്ക് മുന്‍ തൂക്കം നല്‍കണമെന്നാണ് താന്‍ പറയുന്നത്. അത് അയാള്‍ക്കുകൂടി അപകടമുണ്ടാവാതിരിക്കാനാണ്. ഇത് പറയുന്നത് ഡോക്ടറുടെ കടമയായിട്ടാണ് കാണുന്നത്. പ്രസംഗത്തില്‍ തനിക്കെതിരെ വാവ സുരേഷ് നടത്തിയ വ്യക്തിപരമായ അധിക്ഷേപത്തെ അവജ്ഞയോടെ തള്ളുന്നുവെന്നും നെല്‍സണ്‍ കുറിച്ചു.
നെല്‍സണ്‍ ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
സുരേഷ് പാമ്പിനെയും പിടിച്ചുകൊണ്ട് നടത്തുന്ന ഒരു പ്രസംഗത്തിൻ്റെ ലൈവ് വീഡിയോ ഇന്നലെ ഒരു സുഹൃത്ത് അയച്ചുതന്ന് കാണാനിടയായി.
ജോലിയൊന്നുമില്ലാത്ത, കുടുംബം നോക്കാനറിയാത്ത, നാട്ടുകാർക്ക് ഉപകാരമില്ലാത്ത, പ്രശസ്തനാകാൻ വിമർശിക്കുന്ന ഒരു ഡോക്ടറെക്കുറിച്ചും പ്രസംഗിക്കുന്നുണ്ട്
പ്രസ്തുത വീഡിയോയിൽ തികച്ചും തെറ്റായ രീതിയിലുള്ള ഒരു പാമ്പു പിടിത്തമുണ്ട്. അതിലെ തെറ്റുകളാണ് ഈ പോസ്റ്റിൻ്റെ പരാമർശവിഷയം. ജീവൻ പണയം വച്ച് പാമ്പ് പിടിക്കുന്നത് ഒരു സേവനമോ ഹീറോയിസമോ ധൈര്യമോ അല്ല. തികച്ചും അനാവശ്യവും അപകടകരവുമാണ്.
1. പാമ്പിനെ പിടിക്കാനാവശ്യമായ സജ്ജീകരണങ്ങളില്ലാതെ സ്ഥലത്തേക്ക് പോവുക.സ്നേക് ഹുക്കടക്കമുള്ള വസ്തുക്കളെക്കുറിച്ച് യൂട്യൂബ് വീഡിയോ (ലിങ്ക് ആദ്യ കമൻ്റിൽ) നൽകിയിട്ടുണ്ട്.
2. കൈകൊണ്ടും കാലുകൊണ്ടും ഇളക്കി പാമ്പിരിക്കുന്ന സ്ഥലം കണ്ടെത്തുക – കടി കിട്ടാൻ സാദ്ധ്യത ഏറെയാണ്. ഫേസ്ബുക് ലൈവിൽ പാമ്പ് ഉയർന്ന് നിന്ന് ചീറ്റുന്നത് കാണാം.- സ്നേക് ഹുക്കാണ് ഉപയോഗിക്കേണ്ടത്
3. അശ്രദ്ധ – ജനക്കൂട്ടത്തെ നിയന്ത്രിക്കൽ, വീഡിയോയ്ക്ക് കമൻ്ററി നൽകൽ എന്നിവ ശ്രദ്ധ നഷ്ടപ്പെടാൻ കാരണമാണ്.
4. പാമ്പിനെ ഇടേണ്ട ബാഗ് തയ്യാറാക്കാതെ വാലിൽ പിടിച്ച് എടുക്കാൻ പോവുന്നത്. പിടിക്കേണ്ട രീതിയും ബാഗ് എങ്ങനെയാണ് മാളമാണെന്ന് തോന്നുന്ന രീതിയിൽ സെറ്റ് ചെയ്യേണ്ടതെന്നും വീഡിയോയിലുണ്ട്.
ഏറ്റവും കുറച്ച് സ്പർശിക്കുക. എപ്പോഴും സ്നേക് ഹുക് ഉപയോഗിക്കുക എന്നതാണ് ശരിയായ രീതി.
5. പാമ്പിനെ പ്രദർശിപ്പിക്കരുത്. (യൂട്യൂബ് വീഡിയോയുടെ മൂന്ന് മിനിറ്റ് അൻപത് സെക്കൻഡിൽ നിങ്ങൾക്ക് ഫേസ്ബുക് ലൈവ് ചെയ്ത വ്യക്തിയെയും അയാളുടെ രീതി അപകടകരമാണെന്ന് പറഞ്ഞിരിക്കുന്നതും കാണാം)
6. പാമ്പിനെ കയ്യിലെടുത്ത് അശ്രദ്ധമായി സംസാരിക്കരുത് – പലതവണ പാമ്പ് കൊത്താനായുന്നത് വീഡിയോയിൽ വ്യക്തമാണ്. ചുറ്റും കൂടിനിൽക്കുന്ന ജനങ്ങളിൽ ആർക്കെങ്കിലുമോ അല്ലെങ്കിൽ പാമ്പിനെ പിടിക്കുന്നവർക്കോ അപകടമുണ്ടാവാം.
പാമ്പുകടിക്കുന്നത് ഒരു മെഡിക്കൽ എമർജൻസി ആണ്. ആശുപത്രിയിലെത്തിച്ച് വിദഗ്ധ വൈദ്യസഹായം ലഭ്യമാക്കേണ്ടതാണ്.
7. കയ്യിലെടുത്തുപിടിച്ച് ആൾക്കൂട്ടത്തിനിടയിലൂടെ നടന്നുപോവുകയല്ല ചെയ്യേണ്ടത്. ബാഗിലാക്കി സ്നേക് ഹുക്കിൽ ബാഗ് വച്ച് കൊണ്ടുപോവേണ്ട രീതി ആദ്യ കമൻ്റിലെ വീഡിയോ കണ്ട് മനസിലാക്കുക. അതിനു ശേഷമാണ് ചുറ്റുമുളള ആളുകളോട് സംസാരിക്കേണ്ടത്.
പാമ്പുകളെ സ്വതന്ത്രമാക്കി അവയുടെ ആവാസവ്യവസ്ഥിതിയിലേക്ക് തിരിച്ച് വിടുന്നതും ഡോക്യുമെൻ്റ് ചെയ്തിരിക്കണം. (നൂറും ഇരുന്നൂറുമൊക്കെ പിടിച്ചവരുടെ കയ്യിൽ അവയെ സുരക്ഷിതമായും സ്വതന്ത്രമായും വിട്ടതിനുള്ള തെളിവുകളും ഉണ്ടാവുമെന്ന് കരുതുന്നു)
പാമ്പുകളെ രക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്നവർക്ക് പാമ്പുകടിയേൽക്കുന്നത് ഒരു അപകടമോ ആകസ്മികതയോ അല്ല. ജോലി ശരിയായ രീതിയിലല്ല ചെയ്യുന്നതെന്നതിനുളള തെളിവ് മാത്രമാണ്. മുന്നൂറ് കടികൾ അപകടം വിളിച്ചുവരുത്തുകയാണെന്നതിൻ്റെ സർട്ടിഫിക്കറ്റുകളും
വാക്കുകൾ എൻ്റേതല്ല. റോമുലസ് വിറ്റേക്കർ പറഞ്ഞത് അതേപോലെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതാണ്. പാമ്പിനെ രക്ഷിക്കുന്നത് ഒരു മീഡിയ ഇവൻ്റല്ല എന്ന് പ്രത്യേകം റോമുലസ് പറയുന്നുണ്ട്. അപ്പൊ കാണിക്കുന്ന ചിത്രം ആരുടേതാണെന്നുമൊന്ന് കണ്ടുവയ്ക്കുന്നത് നന്നായിരിക്കും.
ഇനി റോമുലസ് വിറ്റേക്കർ ആരാണെന്ന് ചോദിച്ചുവരുന്നവരോട്, ഇന്ത്യൻ വംശജനായ അമേരിക്കൻ ഹെർപറ്റോളജിസ്റ്റ് (ഉരഗങ്ങളെയും ഉഭയജീവികളെയും കുറിച്ച് പഠിക്കുന്നയാൾ). വന്യജീവി സംരക്ഷകൻ. മദ്രാസ് സ്നേക് പാർക്ക്, ആൻഡമാൻ നിക്കോബാർ എൻവയോണ്മെൻ്റ് ട്രസ്റ്റ്, മദ്രാസ് ക്രോക്കഡൈൽ ബാങ്ക് ട്രസ്റ്റ് എന്നിവയുടെ സ്ഥാപകൻ. ഇന്ത്യയിലെ വന്യജീവി സംരക്ഷണത്തിന് ഉയർന്ന സിവിലിയൻ അവാർഡായ ” പദ്മശ്രീ ” 2018ൽ വിറ്റേക്കർക്കായിരുന്നു.
പ്രസ്തുത ഫേസ്ബുക് ലൈവിലെ വ്യക്തിപരമായ ആക്രമണത്തെ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുന്നു. എൻ്റെ ജോലികളെയോ കുടുംബത്തെയോ കുറിച്ച് അറിയാത്ത ഒരാൾ ഉന്നയിക്കുന്ന ആരോപണത്തിൻ്റെ വില അത്രയേ ഉള്ളൂ
ആരോഗ്യബോധവൽക്കരണം ചികിൽസ പോലെതന്നെ ഒരു ഡോക്ടറുടെ കടമയാണ്. പ്രിവൻഷൻ ഈസ് ബെറ്റർ ദാൻ ക്യൂർ എന്ന് പറഞ്ഞാൽ മാത്രം പോരല്ലോ.
പാമ്പിനെ പിടിക്കരുതെന്നല്ല, സുരക്ഷയ്ക്ക് മുൻ തൂക്കം നൽകണമെന്നാണ് പറയുന്നതും.ഇത് അയാൾക്കുകൂടി അപകടമുണ്ടാവാതിരിക്കാനാണ്.
പാഞ്ഞുവരുന്ന ട്രെയിനു മുന്നിൽ റെയിൽ പാളത്തിൽ നിന്ന് ഡാൻസ് കളിക്കുന്നയാളോട് അരുതെന്ന് പറയുമ്പൊ ” കലാകാരനെ ഉപദ്രവിക്കരുതേ ” എന്ന് കരയുന്നവരോട് സഹതാപം മാത്രം
(ഒരു വിഷയത്തിൽ സ്ഥിരമായി പോസ്റ്റുകളിടാൻ എം.ആർ വാക്സിനോ നിപ്പയോ പ്രളയമോ പോലുള്ള പ്രാധാന്യം ഇതിനില്ല എന്നതുകൊണ്ട് ഈ വിഷയം താൽക്കാലികമായി അവസാനിപ്പിക്കുന്നു)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here