കേരള കോണ്‍ഗ്രസിന് ഒരു സീറ്റുകൂടി നല്‍കണം; രാഹുല്‍ ഗാന്ധിയോട് ആവശ്യമുന്നയിച്ചത് കെ എം മാണിയെന്ന് പി ജെ ജോസഫ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റുകൂടി വേണമെന്ന ആവശ്യവുമായി കേരള കോണ്‍ഗ്രസ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ ഒരു സീറ്റുകൂടി വേണമെന്ന ആവശ്യമുന്നയിച്ചത് കെ എം മാണിയാണെന്ന് പി ജെ ജോസഫ് പറഞ്ഞു. ആവശ്യത്തില്‍ നിന്നും തങ്ങള്‍ പിന്നോട്ടില്ലെന്നും പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
ഇടുക്കിയും ചാലക്കുടിയും രണ്ട് സീറ്റ് യുഡിഫിന്റെ സിറ്റിങ് സീറ്റാണ്. അവയില്‍ ഒരെണ്ണം കേരള കോണ്‍ഗ്രസിന് നല്‍കണം. പാര്‍ട്ടിയുടെ തീരുമാനമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയുമായി ചര്‍ച്ച നടത്തി. എന്നാല്‍ എ കെ ആന്റണിയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഒരു സീറ്റുകൂടി വേണമെന്ന ആവശ്യം യുഡിഎഫ് കമ്മിറ്റിയില്‍ ഉന്നയിച്ചിരുന്നുവെന്നും പി ജെ ജോസഫ് പറഞ്ഞു.
1987 ല്‍ കേരള കോണ്‍ഗ്രസ് മൂന്ന് സീറ്റില്‍ മത്സരിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റ് നല്‍കേണ്ടതായിരുന്നുവെന്നും പി ജെ ജോസഫ് പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് ഒരു സീറ്റുകൂടി വേണമെന്ന ആവശ്യം പി ജെ ജോസഫിന്റേതാണെന്നും ചെയര്‍മാന്‍ കെ എം മാണിക്ക് അത്തരത്തില്‍ ഒരു താല്‍പര്യം ഉണ്ടായിരുന്നില്ല എന്ന രീതിയില്‍ വാര്‍ത്തയുണ്ടായിരുന്നു. കേരള കോണ്‍ഗ്രസില്‍ നിന്നും വിട്ട് ഒറ്റയ്ക്ക് മത്സരിക്കാനാണ് പി ജെ ജോസഫ് ഉദ്ദേശ്യമെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കേരള കോണ്‍ഗ്രസിന് ഒരു സീറ്റുകൂടി വേണമെന്ന ആവശ്യം കെ എം മാണിയുടേതാണെന്നാണ് പി ജെ ജോസഫ് വ്യക്തമാക്കിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here