Advertisement

ഇനി ഇത് നിങ്ങളുടെ കൈയ്യിലാണ്, നിങ്ങളാണ് ഈ സിനിമയെ ആഘോഷിക്കേണ്ടത്; പേരന്‍പിനെക്കുറിച്ച് വാചാലനായി മമ്മൂട്ടി

January 31, 2019
Google News 1 minute Read

മമ്മൂട്ടിയുടെ സമീപകാല കരിയറിലെ ഏറ്റവും മികച്ച കഥാപാത്രവും സിനിമയുമായേക്കുമെന്ന് വിലയിരുത്തലുള്ള ചിത്രമാണ് പേരന്‍പ്. റാം സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ അമുദന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. സ്പാസ്റ്റിക് പരാലിസിസ് ബാധിച്ച കൗമാരക്കാരി പെണ്‍കുട്ടിയുടെ അച്ഛനാണ് ഈ കഥാപാത്രം. റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ ആഗോള പ്രീമിയര്‍ നടന്ന ചിത്രത്തിന്റെ ഇന്ത്യന്‍ പ്രീമിയര്‍ ഗോവ ചലച്ചിത്രമേളയിലായിരുന്നു. നാളത്തെ വേള്‍ഡ്‌വൈഡ് റിലീസിന് മുന്നോടിയായി കൊച്ചിയിലും ചെന്നൈയിലും ചിത്രത്തിന്റെ പ്രിവ്യൂ പ്രദര്‍ശനവും നടന്നിരുന്നു. ഇരു വേദികളിലും വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. പേരന്‍പ് തനിക്ക് എത്രത്തോളം ഹൃദയത്തോട് ചേര്‍ന്ന സിനിമയാണെന്ന് വെളിപ്പെടുത്തുന്നതായിരുന്നു ചെന്നൈ പ്രീമിയറില്‍ മമ്മൂട്ടി നടത്തിയ പ്രസംഗം. തനിക്ക് അവതരിപ്പിക്കാന്‍ പ്രയാസമുള്ള കഥാപാത്രമായിരുന്നില്ല അമുദനെന്നും അത്തരമൊരു പെണ്‍കുട്ടി തനിക്കുണ്ടായിരുന്നെങ്കിലെന്ന് ഓര്‍ത്ത് അഭിനയിക്കുകയാണ് ചെയ്തതെന്നും മമ്മൂട്ടി പറഞ്ഞു.

Read More:പേരന്‍പ് മേക്കിംഗ് വീഡിയോ കാണാം

സിനിമയെക്കുറിച്ച് ഞാനല്ല പറയേണ്ടത്, അത് സിനിമ സ്വയം പറയേണ്ടതാണ്. പത്ത് വര്‍ഷത്തിന് ശേഷമാണ് ഞാന്‍ തമിഴില്‍ അഭിനയിക്കുന്നത്. വ്യത്യസ്തമായ ഒരു കഥയും സിനിമയുമാണിത്. വളരെ സൂക്ഷമതയോടെ ചെയ്ത സിനിമയാണ്. കഥാപാത്രത്തെ അവതരിപ്പിക്കാന്‍ വലിയ പ്രയാസം ഉണ്ടായിരുന്നില്ല. അതുപോലെയൊരു മകള്‍ എനിക്കുണ്ടായിരുന്നെങ്കില്‍ എന്ന് ആലോചിച്ച് അഭിനയിച്ചു. അത് എളുപ്പവുമായിരുന്നു. സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്കും അങ്ങനെ തോന്നും, ഇതുപോലെ ഒരു മകള്‍ ഉണ്ടായിരുന്നാലെന്ന്. വിഭിന്ന ശേഷിയുള്ള ഒരുപാട് കുട്ടികളെ നാം കാണാറുണ്ട്. അവര്‍ക്ക് അതില്‍ പ്രശ്‌നമൊന്നുമില്ല. അത് കാണുന്ന നമുക്കാണ് പ്രശ്‌നം. അച്ഛനും അമ്മയ്ക്കുമാണ് പ്രശ്‌നം. ആരും പറയാത്ത കഥ എന്നതിനേക്കാള്‍ എല്ലാവരും പറയാന്‍ മറന്നുപോകുന്ന കഥ എന്നാണ് ഞാന്‍ പറയുക. സംവിധായകനും നിര്‍മ്മാതാവും എനിക്കൊപ്പം അഭിനയിച്ചവരുമൊക്കെ ഏറെ സ്‌നേഹത്തോടെയാണ് ഈ സിനിമയുടെ നിര്‍മ്മാണത്തില്‍ പങ്കാളികളായത്. ഇനി ഇത് നിങ്ങളുടെ കൈയിലാണ്. നിങ്ങളാണ് ഇത് കാണേണ്ടത്. നിങ്ങളാണ് ഈ സിനിമയെ ആഘോഷിക്കേണ്ടത്. ഇത് പേരെടുക്കേണ്ടതും നിങ്ങളിലൂടെയാണ്. മമ്മൂട്ടി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here