ബോള്‍ പതിച്ചത് കരുണരത്‌നെയുടെ കഴുത്തില്‍; മൈതാനത്ത് ആശങ്കയുടെ നിമിഷങ്ങള്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ പേസ് ബോളര്‍ പാറ്റ് കമ്മിന്‍സിന്റെ ബൗണ്‍സര്‍ പതിച്ച് ശ്രീലങ്കന്‍ താരം ദിമുത് കരുണരത്‌നെ നിലംപതിച്ചു. കളിയ്ക്കിടയിലുണ്ടായ അപകടം മൈതാനത്ത് ആശങ്ക പടര്‍ത്തി. മല്‍സരത്തിന്റെ രണ്ടാം ദിനമായ ശനിയാഴ്ചയാണ് സംഭവം. പന്തു പതിച്ചതിനു പിന്നാലെ നിലത്തു വീണുപോയ കരുണരത്‌നെ കഴുത്തിനു വേദനയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയിലേക്കു മാറ്റി. അദ്ദേഹത്തെ വിശദമായ പരിശോധനയ്ക്കും സ്‌കാനിങ്ങിനും വിധേയനാക്കും.
ഒന്നാം ഇന്നിങ്‌സില്‍ ജോ ബേണ്‍സ്, ട്രാവിസ് ഹെഡ്, കുര്‍ട്ടിസ് പാറ്റേഴ്‌സന്‍ എന്നിവരുടെ സെഞ്ചുറിക്കരുത്തില്‍ ഓസ്‌ട്രേലിയ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 534 റണ്‍സെടുത്ത് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്കായി ലഹിരു തിരിമാന്നെയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പര്‍ ചെയ്തത് ദിമുത് കരുണരത്‌നെയായിരുന്നു. അര്‍ധസെഞ്ചുറി കൂട്ടുകെട്ടുമായി ഇരുവരും ലങ്കയ്ക്ക് സമ്മാനിച്ചത് തകര്‍പ്പന്‍ തുടക്കം. 31-ാം ഓവര്‍ എറിയാനത്തെത്തിയ പാറ്റ് കമ്മിന്‍സിന്റെ നാലാം പന്താണ് കരുണരത്‌നെയ്ക്കു മേല്‍ പതിച്ചത്. കുത്തിയുയര്‍ന്ന പന്തില്‍ കരുണരത്‌നെ ബാറ്റുവച്ചെങ്കിലും പന്തു പ്രതീക്ഷിച്ചപോലെ ഉയര്‍ന്നില്ല. ഇതോടെ കഴുത്തിനു പിന്നില്‍ ഇടിക്കുകയായിരുന്നു. ഈ സമയത്ത് 46 റണ്‍സായിരുന്നു കരുണരത്‌നെയുടെ സമ്പാദ്യം. തിരിമാന്നെയ്‌ക്കൊപ്പം ഓപ്പണിങ് വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത് 82 റണ്‍സും.
Read More: താരങ്ങളുടെ ഭാര്യമാര്‍ തമ്മില്‍ ‘ഫെയ്‌സ്ബുക്ക് പോര്’; തീര്‍ക്കാന്‍ ക്രിക്കറ്റ് ബോര്‍ഡും
വേദനകൊണ്ടു പുളഞ്ഞ് നിലത്തിരുന്നുപോയ താരത്തിന് സമീപത്തേക്ക് ഓസീസ് താരങ്ങളും അംപയര്‍മാരും ഓടിയെത്തി. പിന്നാലെ ശ്രീലങ്ക, ഓസ്‌ട്രേലിയ ടീമുകളുടെ ഫിസിയോമാരും മൈതാനത്തേക്കെത്തി. അതേസമയം, ഈ സമയത്തെല്ലാം കരുണരത്‌നെയ്ക്ക് ബോധം ഉണ്ടായിരുന്നത് ആശ്വാസമായി. വേദന കുറയുന്നില്ലെന്ന് അദ്ദേഹം അറിയിച്ചതിനെ തുടര്‍ന്ന് താരത്തെ സ്‌ട്രെച്ചറില്‍ മൈതാനത്തിനു പുറത്തേക്കു മാറ്റി. പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here