ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെയ്ക്കില്ലെന്ന് പത്മകുമാര്‍

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെയ്ക്കില്ലെന്ന് വ്യക്തമാക്കി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. ഇപ്പോഴും ഞാന്‍ അകത്താണ്. നാളെയും ഞാന്‍ അകത്തു തന്നെ കാണും. അക്കാര്യത്തില്‍ ഒരാള്‍ക്കും സംശയം വേണ്ട. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ കാലാവധി നിയമപ്രകാരം 2019 നവംബര്‍ 14 വരെയാണെന്നും കാലാവധി തീരുന്നതു വരെ സ്ഥാനത്ത് തുടരുമെന്നും പത്മകുമാര്‍ വ്യക്തമാക്കി.
ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട സാവകാശ ഹര്‍ജിയ്ക്ക് പ്രഥമ പരിഗണനയെന്ന നിലപാടിലുറച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ നിന്നത് നേരത്തെ ചര്‍ച്ചയായിരുന്നു. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സാവകാശ ഹര്‍ജിയ്ക്ക് പ്രസക്തിയില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ എന്‍.വാസുവും നേരത്തെ പറഞ്ഞിരുന്നു.എന്നാല്‍ ഇവരെ തള്ളിയാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വീണ്ടും നിലപാട് വ്യക്തമാക്കിയത്.
നേരത്തെ സാവകാശ ഹര്‍ജിക്ക് പ്രസക്തി നഷ്ടപ്പെട്ടെന്ന് പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ നീക്കുമെന്നത് അഭ്യൂഹം മാത്രമാണെന്നും വ്യക്തമാക്കിയിരുന്നു.പ്രസിഡന്റിനും ദേവസ്വം കമ്മീഷണര്‍ക്കും ഇടയില്‍ അഭിപ്രായ ഭിന്നതയില്ലെന്നും ഇരുവരുമായും താന്‍ ഇന്നലെത്തന്നെ സംസാരിച്ചതാണെന്നും മന്ത്രി വ്യക്തമാക്കി. ദേവസ്വം കമ്മീഷണര്‍ പ്രസിഡന്റ് എന്നിവരെ സിപിഎം സംസ്ഥാനസെക്രട്ടറി കാണുന്നതില്‍ ഒരു തെറ്റുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പാര്‍ട്ടിയുമായി ബന്ധമുള്ളവര്‍ കോടിയേരിയെ കാണുമെന്നും ശബരിമല കേസില്‍ സാവകാശത്തിന് പ്രസക്തിയില്ലെന്നും ദേവസ്വം കമ്മീഷണര്‍ എന്‍ വാസുവും പറഞ്ഞിരുന്നു. കോടതിയില്‍ അറിയിച്ചത് യുവതിപ്രവേശനം ബന്ധപ്പെട്ട ദേവസ്വംബോര്‍ഡിന്റെ നിലപാടാണ്. കോടിയേരിയെ കണ്ടതില്‍ അസ്വാഭാവികതയില്ല. കോടിയേരിയെ കണ്ടത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വ്യത്യസ്ത അഭിപ്രായത്തെക്കുറിച്ച് പറയാനാണ്. ബോര്‍ഡ് പ്രസിഡന്റ് രാഷ്ട്രീയ നിയമനം ആയതുകൊണ്ടാണ് കോടിയേരിയെ കണ്ടതെന്നും എന്‍ വാസു വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here