കുമ്പളങ്ങിയിലെ രാത്രികള്‍ക്കെന്ത് ഭംഗിയാണ്, കുമ്പളങ്ങി നൈറ്റ്‌സ് റിവ്യൂ

-സലീം മാലിക്ക് 

പ്രണയം, സൗഹൃദം, സാഹോദര്യം, സന്തോഷം, ദുഃഖം, ഭയം….. അങ്ങനെ എല്ലാം തികഞ്ഞൊരു സിനിമയാണ് കുമ്പളങ്ങി നൈറ്റ്‌സ്. മാറ്റത്തിന്റെ മനോഹരമായ സുഡാനിക്കാലത്തിലാണ് മലയാള സിനിമ. അവിടെയാണ് സുഡാനിയില്‍ നിന്നും കുമ്പളങ്ങിയിലേക്കുള്ള കടല്‍ ദൂരം ദൂരമേയല്ലാതാകുന്നത്.


വലയെറിഞ്ഞും കള്ളുകുടിച്ചും ലക്ഷ്യങ്ങളേതുമില്ലാതെ നീങ്ങുന്ന കുമ്പളങ്ങിയിലെ സഹോദരങ്ങള്‍ക്കിടയിലേക്കെത്തുന്ന കഥാപാത്രങ്ങളിലാണ് സിനിമയുടെ ജീവന്‍. നിറഞ്ഞ ചിരിയുടെ വേഗതയുണ്ട് ആദ്യ പകുതിക്ക്. ഈ പഞ്ചായത്തിലെ ഏറ്റവും മോശം വീടാണിതെന്ന സഹോദരങ്ങളില്‍ ഇളയവനായ ഫ്രാങ്കിക്ക് പരാതിയുള്ള വീട്ടിലാണ് സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചിരിക്കുന്നത്. ഗൗരവരൂപം പ്രാപിക്കുന്ന രണ്ടാം പകുതിയില്‍ പുതിയ അന്തേവാസികള്‍ ആ വീട്ടിലേക്ക് എത്തുന്നതോടെ അവര്‍ പോലുമറിയാതെ ആ നാട്ടിലെ ഏറ്റവും നല്ല വീടാണതെന്ന തിരിച്ചറിവ് നല്‍കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരര്‍ത്ഥത്തില്‍ ആ വീടാണ് സിനിമയിലെ കേന്ദ്ര കഥാപാത്രം.

നിര്‍മ്മലമായ മനസുകളില്‍ കെട്ടിയിടപ്പെടുന്ന നിസഹായ ജീവിതങ്ങളുടെ കനവും യാഥാര്‍ഥ്യവും ഇരു ദ്രുവങ്ങളില്‍ നിന്നും കുമ്പളങ്ങിക്കാഴ്ചയാവുന്നുണ്ട്. ശ്യം പുഷ്‌കരന്റെ തിരക്കഥകളില്‍ സ്പൂണ്‍ ഫീഡിംഗുകള്‍ക്ക് എല്ലാ കാലത്തും പടിക്ക് പുറത്താണ് സ്ഥാനം. ഇവിടെയും അതങ്ങനെയാണ്. ആദ്യ രംഗത്തിന് ശേഷം സിനിമ കുമ്പളങ്ങിയിലെത്തുകയാണ്, കൂടെ നമ്മളും. പിന്നീട് വരുന്ന ഒരു രംഗങ്ങളിലും സംവിധായകന് വിശദീകരണങ്ങള്‍ നല്‍കേണ്ട ആവശ്യമേ വരുന്നില്ല. സജിയേയും ബേബിയേയും ബോണിയേയും ഫ്രാങ്കിയേയും പരിചയപ്പെടുത്തലുകള്‍ ആവശ്യമല്ലെന്ന് സംവിധായകന് നന്നായറിയമായിരുന്നു. അത്രയും സത്യസന്ധമായ കഥാപാത്ര സൃഷ്ടികളാണ് ഓരോന്നും.

ലളിതമായ കഥാതന്തുവില്‍ നിന്നും ജീവിതത്തിന്റെ സുഖദുഖ സമ്മിശ്ര ഭാവങ്ങളെ ഇതാദ്യമായല്ല ശ്യാം പുഷ്‌കരന്‍ ഗംഭീരമായ തിരക്കഥയാക്കി രൂപപ്പെടുത്തുന്നത്. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ മുതല്‍ മായാനദി വരെയുള്ള ശ്യാം പുഷ്‌കരന്റെ തിരക്കഥകളിലെവിടെയും ആവര്‍ത്തനമേയില്ല. എങ്ങനെയാണ് ഒരു മനുഷ്യന് സാധാരണ ജീവിതങ്ങളെ ഇത്രയും സത്യസന്ധമായി എഴുതാന്‍ കഴിയുന്നത്? ആ തിരക്കഥയെ മനോഹരമായ സിനിമയാക്കി മാറ്റിയ മധു.സി. നാരായണന്‍ തന്റെ ആദ്യ സിനിമയാണിതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. ഷൈജു ഖാലിദിന്റെ കഥ പറയുന്ന ക്യാമറാക്കണ്ണുകളും സുഷിന്‍ ശ്യാമിന്റെ സംഗീതവും കുമ്പളങ്ങിയിലെ രാത്രികളുടെയും പകലുകളുടെയും സൗന്ദര്യത്തിന് മാറ്റ് കൂട്ടുകയാണ്.

സൗബിന്‍ ഷാഹിര്‍ എന്ന നടന്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് കുമ്പളങ്ങിയില്‍ നടത്തിയിരിക്കുന്നത്. ഒരു നടന്‍ എന്ന നിലയില്‍ സൗബിന്റെ വളര്‍ച്ച അതിവേഗമാണ്. സജിയെന്ന കഥാപാത്രത്തോട് അത്രമേല്‍ നീതി പുലര്‍ത്തിയിട്ടുണ്ട് സൗബിന്‍. പ്രായത്തേക്കാള്‍ മുതിര്‍ന്ന, നിരാശ ബാധിച്ച കഥാപാത്രങ്ങളുടെ തടവറയില്‍ നിന്നും ഷെയ്ന്‍ നിഗം പുറത്തിറങ്ങിയിരിക്കുന്നു. ഈ നടനെ മലയാള സിനിമക്ക് ഇനി അത്ര പെട്ടെന്നൊന്നും ഒഴിവാക്കാന്‍ കഴിയില്ല.

സ്ത്രീകഥാപത്രങ്ങളുടെ നിര്‍മ്മിതിയിലും കുമ്പളങ്ങി നൈറ്റ്‌സ് അതിന്റെ രാഷ്ട്രീയമടയാളപ്പെടുത്തുന്നുണ്ട്. പ്രത്യേകിച്ചും അന്നാ ബെന്‍ അവതരിപ്പിച്ച ബേബി മോള്‍ എന്ന കഥാപാത്രത്തിന്റെ സൃഷ്ടിയിലും പ്രകടനത്തിലും ഒരുപോലെ ഉയര്‍ന്ന നിലവാരം പുലര്‍ത്തിയിട്ടുണ്ട്. ഫഹദിനെ കുറിച്ച് ഒടുവിലെങ്കിലും പറയാതെ വയ്യ. ഇത്രയും അരസികനായ ഒരു കഥാപാത്രത്തെ ഇതിലും മികച്ചതാക്കാന്‍ ആര്‍ക്ക് കഴിയും…? ഓരോ തവണ സ്‌ക്രീനില്‍ ആ കഥാപാത്രത്തെ കാണുമ്പോഴും എന്ത് മാത്രം വെറുപ്പാണ് നമുക്ക് അയാളോട് തോന്നുന്നത്. ഫഹദല്ല ഷമ്മി മാത്രമാണ് സ്‌ക്രീനില്‍ എന്നതല്ലാതെ കാരണം മറ്റൊന്നല്ല….!


‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top