ഏക് താരയുമായി പാട്ടുപാടി മമത, ശ്രദ്ധേയമായി വീഡിയോ

രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ തുടരുന്നതിനിടയില്‍ ബാവുല്‍ ഗായകരുമൊത്ത് ഗാനമാലപിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വ്യാഴാഴ്ച നടന്ന ബംഗാള്‍ ആഗോള വ്യാപാര ഉച്ചകോടിയിലാണ് സംഘഗാനത്തില്‍ പങ്കുചേര്‍ന്ന് മമതാ ബാനര്‍ജി ശ്രദ്ധ നേടിയത്. മുകേഷ് അംബാനി, സജ്ജന്‍ ജിന്‍ഡാല്‍ അടക്കമുള്ള പ്രമുഖ വ്യവസായികള്‍ പങ്കെടുത്ത ഉച്ചകോടിയില്‍ ഉള്‍പ്പെടുത്തിയിരുന്ന കലാപരിപാടികളില്‍ ബാവുല്‍ഗാനവും ഉണ്ടായിരുന്നു. ഈ വേദിയിലാണ് സംസ്ഥാന മുഖ്യമന്ത്രി പാട്ടുപാടി കൈയ്യടി നേടിയത്.
കുങ്കുമവര്‍ണത്തിലുള്ള വസ്ത്രം ധരിച്ച് ഏക് താരയുമായി വേദിയിലെത്തിയ ഗായകസംഘത്തിനൊപ്പമാണ് വെള്ള കോട്ടണ്‍ സാരിയുടുത്ത് ഏക് താരയുമായി മമതയെത്തിയത്. ബംഗാളി കവി ദ്വിജേന്ദ്രലാല്‍ റായിയുടെ ‘ധോനോ ധാന്നേ പുഷ്‌പേ ഭോരാ’ എന്ന ദേശഭക്തി ഗാനമാണ് സംഘത്തിനൊപ്പം മമത ആലപിച്ചത്.
കവിതയെഴുത്തിലും ചിത്രമെഴുത്തിലും നേരത്തെ കലാരംഗത്തെ തന്റെ പ്രതിഭ തെളിയിച്ച വ്യക്തിയാണ് മമതാ ബാനര്‍ജി. മമതാ ബാവുല്‍ ഗായകരുമൊത്ത് ഗാനമാലപിക്കുന്ന വീഡിയോയും ശേദ്ധ നേടുന്നു. 2019 ഓടെ എന്‍ഡിഎ സര്‍ക്കാരിന്റെ ഭരണം അവസാനിക്കുമെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടയില്‍ മമത പറഞ്ഞു.
Kolkata: Bengal CM Mamata Banerjee joins Baul folk singers on the stage at Bengal Global Business Summit
Report: @iindrojit
More #ReporterDiary: https://t.co/FAHzdjSiWA pic.twitter.com/fKynt6wQLf— India Today (@IndiaToday) 7 February 2019
അതേസമയം ശാരദാ ചിട്ടി തട്ടിപ്പുകേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാര്‍ സിബിഐക്കു മുന്നില്‍ ഹാജരാകണമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച അറിയിച്ചിരുന്നു. സിബിഐ അന്വേഷണവുമായി സഹകരിക്കണം. സിബിഐക്കു മുന്നില്‍ ഹാജരാകാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മടിക്കേണ്ടതില്ലെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, കമ്മിഷണറെ അറസ്റ്റു ചെയ്യരുതെന്നും നിര്‍ദേശമുണ്ട്. ശാരദാ ചിട്ടി ഫണ്ട് കേസുമായി ബന്ധപ്പെട്ട് കമ്മിഷണറെ ചോദ്യം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തതാണു നിലവിലെ പ്രശ്‌നങ്ങള്‍ക്കു കാരണം. ചിട്ടിത്തട്ടിപ്പു കേസ് അന്വേഷണം ബംഗാള്‍ പൊലീസ് അട്ടിമറിച്ചെന്ന് സിബിഐ സുപ്രീംകോടതിയില്‍ അറിയിച്ചു. പിടിച്ചെടുത്ത തെളിവുകള്‍ പ്രതിക്കു തിരികെ നല്‍കി. ലാപ്‌ടോപ്പും അഞ്ചു മൊബൈല്‍ ഫോണുകളുമാണു തിരിച്ചു നല്‍കിയത്. തിരുത്തിയ തെളിവുകളാണ് ബംഗാള്‍ പൊലീസ് കൈമാറിയത്. ഇതില്‍ വ്യക്തത വരുത്താന്‍ കമ്മിഷണറെ ചോദ്യം ചെയ്യണമെന്നും സിബിഐ ആവശ്യപ്പെടുന്നു. ഈമാസ 20ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍, ഡിജിപി, ബംഗാള്‍ സര്‍ക്കാര്‍ എന്നിവര്‍ക്കു കോടതി നോട്ടിസ് അയച്ചു. സുപ്രീംകോടതി വിധി ധാര്‍മിക വിജയമെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചിരുന്നു. കോടതി വിധി സ്വാഗതം ചെയ്യുന്നു. അന്വേഷണത്തോടു സഹകരിക്കില്ലെന്നു പറഞ്ഞിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here