കുറവിലങ്ങാട് മഠത്തില്‍ തുടരാന്‍ അനുമതി കിട്ടി; സത്യത്തിന് വേണ്ടി മരണംവരെ നിലകൊള്ളുമെന്ന് സിസ്റ്റര്‍ അനുപമ

കുറവിലങ്ങാട് മഠത്തില്‍ തന്നെ തുടരുമെന്ന് സിസ്റ്റര്‍ അനുപമ. ഇത് സംബന്ധിച്ച് ജലന്തര്‍ രൂപത അഡ്മിനിസ്‌ട്രേറ്ററില്‍ നിന്നും അനുമതി ലഭിച്ചുവെന്നും അനുപമ പറഞ്ഞു. ഒരുമിച്ച് നിന്നതിന്റെ പേരില്‍ ഒറ്റപ്പെട്ടു. സത്യത്തിന് വേണ്ടി മരണം വരെ നിലനില്‍ക്കുമെന്നും അനുപമ പറഞ്ഞു. സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍ കോട്ടയത്ത് സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അനുപമ.
എന്തുവന്നാലും പീഡനം ഏല്‍ക്കേണ്ടിവന്ന സഹോദരിക്കൊപ്പം നിലനില്‍ക്കും. കോടികള്‍ നല്‍കാമെന്നു പറഞ്ഞാലോ എന്ത് വസ്തുവകകള്‍ നല്‍കിയാലോ തങ്ങളുടെ നിലപാടില്‍ ഉറച്ചു നില്‍ക്കും. മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ കത്തില്‍ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്നും അനുപമ കൂട്ടിച്ചേര്‍ത്തു. സഭയുടെ അച്ചടക്ക നടപടി നേരിട്ട നാല് കന്യാസ്ത്രീകളും കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. എഴുത്തുകാരി ശാരദക്കുട്ടി, സാമൂഹിക പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍, സാമൂഹിക പ്രവര്‍ത്തക പി ഗീത ഉള്‍പ്പെടെ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി എത്തി.
അതിനിടെ കണ്‍വെന്‍ഷന്‍ പരിപാടി പുരോഗമിക്കുന്നതിനിടെ നേരിയ രീതിയില്‍ സംഘര്‍ഷമുണ്ടായി. സിസ്റ്റര്‍ അനുപമ സംസാരിച്ച് ഇറങ്ങിയതിന് പിന്നാലെ വേദിക്ക് സമീപം നില്‍ക്കുകയായിരുന്ന ഒരു സംഘം ആളുകള്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രതിഷേധിച്ചെത്തുകയായിരുന്നു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അനുകൂലിച്ചെത്തിയവരാണ് പ്രതിഷേധിച്ചത്. പൊലീസെത്തി ഇവരെ അറസ്റ്റു ചെയ്ത് നീക്കി.
കന്യാസ്ത്രീകള്‍ക്കെതിരെ ബാനറുകള്‍ ഇവര്‍ കരുതിയിരുന്നു. ക്രൈസ്തവ സഭയെ തകര്‍ക്കുക, ബിഷപ്പിനെ മോശമായി ചിത്രീകരിക്കുക തുടങ്ങിയ കാര്യങ്ങളാണ് കണ്‍വെന്‍ഷന്‍കൊണ്ട് സേവ് ഔര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലില്‍ ഉദ്ദേശിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. കാത്തലിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here