തൃണമൂൽ കോൺഗ്രസ് എം.എൽ.എ വെടിയേറ്റ് മരിച്ച സംഭവം; ബിജെപി നേതാവ് മുകുള്‍ റോയിക്കെതിരെ കേസ്

പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് എം.എൽ.എ വെടിയേറ്റ് മരിച്ച സംഭവത്തില്‍ ബി ജെ പി നേതാവ് മുകുള്‍ റോയിക്കെതിരെ പോലീസ് കേസെടുത്തു. കൊലപാതകത്തില്‍ പ്രതികള്‍ എന്ന് സംശയിക്കുന്ന നാലു പേരില്‍ രണ്ട് പേരെ ബംഗാള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിനു പിന്നില്‍ ബി ജെ പി യാണെന്ന് തൃണമൂൽ കോൺഗ്രസ് നേരത്തെ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ബംഗാളിലെ ഫുൽബാരിയിൽ സരസ്വതി പൂജയില്‍ പങ്കെടുക്കുന്നതിനിടെയാണ് സത്യജിത് ബിശ്വാസ് വെടിയേറ്റ് കൊല്ലപെടുന്നത്. സംസ്ഥാന മന്ത്രി രത്‌ന ഘോഷും തൃണമൂല്‍ കോണ്‍ഗ്രസ് ജില്ലാ അദ്ധ്യക്ഷന്‍ ഗൗരിശങ്കര്‍ ദത്തയും പങ്കെടുത്ത പരിപാടിയിലാണ് കൊലപാതകം നടന്നത്. കിഷന്‍ഗഞ്ച് എം എല്‍ എ യാണ് സത്യജിത്ത് ബിശ്വാസ്. സംഭവത്തില്‍ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയ മുതിർന്ന നേതാവ് മുകുൾ റോയ്ക്കെതിരെയാണ് നിലവില്‍ പോലിസ് കേസെടുത്തിരിക്കുന്നത്. കഴിഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ത്രിണമൂല്‍ കോണ്‍ഗ്രസ്സ് പ്രവർത്തകരും , ബി ജെ പി പ്രവർത്തകരും തമ്മില്‍ നിരന്തര സംഘർഷങ്ങള്‍ നടന്നിരുന്നു. കൊലപാതകത്തിനു പിന്നില്‍ ബി ജെ പി ആണെന്ന് ത്രിണമൂല്‍ കോണ്‍ഗ്രസ്സ് ആരോപിച്ചു. ബിജെപിയെപ്പോലെ രക്തദാഹിയായ ഒരു പാർട്ടിക്ക് മാത്രമേ ഇത് ചെയ്യാനാകൂ എന്ന് പശ്ചിമബംഗാൾ വിദ്യാഭ്യാസ മന്ത്രി പാർത്ഥ ചാറ്റർജി പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനർജി ഇന്ന് സംഭവസ്ഥലം സന്ദർശിക്കാനിടയുണ്ട്. അതേസമയം തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബിജെപി പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here