Advertisement

സബ് കളക്ടറെ അധിക്ഷേപിച്ച സംഭവം; ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറെന്ന് രാജേന്ദ്രന്‍ എംഎല്‍എ

February 10, 2019
Google News 0 minutes Read

ദേവികുളം സബ് കളക്ടറെ അധിക്ഷേപിച്ച സംഭവത്തില്‍ ഖേദപ്രകടനത്തിന് തയ്യാറെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ. തന്റെ വാക്കുകള്‍ സബ് കളക്ടറെ വേദനിപ്പിച്ചുവെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ തയ്യാറാണെന്നും രാജേന്ദ്രന്‍ എംഎല്‍എ ട്വന്റി ഫോറിനോട് പറഞ്ഞു. സബ് കളക്ടറെ താന്‍ ആക്ഷേപിച്ചിട്ടില്ലെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

പരസ്പര വിപരീതമായ പെരുമാറ്റമായിരുന്നു സബ് കളക്ടറിന്റേത്. താന്‍ പറയുന്നത് എംഎല്‍എ കേട്ടാല്‍ മതി എന്നൊക്കെ രേണു രാജ് പറഞ്ഞു. അവര്‍ തന്നെയും അധിക്ഷേപിച്ചു. അവരെ വേദനിപ്പിട്ടുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കാം. ആക്ഷേപം എന്നതിലുപരി ഒരു സര്‍ക്കാര്‍ പരിപാടി നടപ്പിലാക്കാന്‍ പറ്റില്ല എന്ന് ഒരു സബ് കളക്ടര്‍ പറയുമ്പോള്‍ മൂന്നാറില്‍ മറ്റ് പരിപാടികളൊന്നും നടത്താന്‍ പറ്റാത്ത അവസ്ഥയാകും. ഐഎഎസ് ഉദ്യാഗസ്ഥരെ ബഹുമാനിക്കുന്ന ആളാണ് താന്‍. തെറ്റ് ചെയ്‌തോ ഇല്ലയോ എന്നൊക്കെ പിന്നെ ചര്‍ച്ച ചെയ്യാം. പാര്‍ട്ടി വിശദീകരണം ചോദിച്ചാല്‍ മറുപടി നല്‍കുമെന്നും രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു.

പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ തീരത്ത് പഞ്ചായത്ത് നിര്‍മിക്കുന്ന കെട്ടിടത്തിന് റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതാണ് എസ് രാജേന്ദ്രനെ പ്രകോപിപ്പിച്ചത്. സ്റ്റോപ്പ് മെമ്മോ അവഗണിച്ച് തുടര്‍ന്ന നിര്‍മാണം റവന്യൂ ഉദ്യോഗസ്ഥരെത്തി തടഞ്ഞതോടെ സബ് കളക്ടറെ ആക്ഷേപ വാക്കുകളോടെ എംഎല്‍എ ശകാരിക്കുകയായിരുന്നു. കളക്ടറാകുന്ന ആളുകള്‍ക്ക് ഇത്രയും ബുദ്ധിക്കുറവുണ്ടോ, നാളെ ഇവര്‍ ഒടക്കിയാല്‍ ഉദ്ഘാടനം ചെയ്യാന്‍ പറ്റുമോ തുടങ്ങിയ കാര്യങ്ങളാണ് സബ്കളക്ടറെക്കുറിച്ച് രാജേന്ദ്രന്‍ എംഎല്‍എ ജനമധ്യത്തില്‍ പറഞ്ഞത്.

സംഭവം വിവാദമായതോടെ രാജേന്ദ്രന്‍ എംഎല്‍എയോട് വിശദീകരണം തേടിയതായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ പറഞ്ഞു. എംഎല്‍എക്കെതിരെ നടപടി വേണമെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനും ആവശ്യപ്പെട്ടു. എസ് രാജേന്ദ്രനെതിരെ ജില്ലാ കളക്ടര്‍ക്കും റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും വാക്കാല്‍ പരാതി നല്‍കിയ സബ് കളക്ടര്‍ രേണു രാജ് വീഡിയോ സഹിതം വിശദ പരാതി നാളെ നല്‍കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here