പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ കേസ് നൽകില്ല: രേണു രാജ്

മൂന്നാറിലെ അനധികൃത നിർമാണ വിഷയത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ കേസ് നൽകേണ്ടെന്ന് തീരുമാനം. ദേവികുളം സബ്കലക്ടർ ഡോ. രേണു രാജ് അഡിഷണൽ എജി രജിത്ത് തമ്പാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച ധാരണയിലെത്തിയത്. മൂന്നാർ പഞ്ചായത്ത് വക ഭൂമിയിൽ നിയമവും ഹൈകോടതി ഉത്തരവുകളും മറികടന്നുള്ള അനധികൃത നിർമാണം ചൂണ്ടിക്കാണിച്ച് പുതുതായി ഹർജി നൽകാനാണ് തീരുമാനം. അതിൽ കോടതിയലക്ഷ്യ നടപടികൾ വേണോ എന്ന് കോടതി തീരുമാനിക്കട്ടെ എന്ന നിലപാടാണ് എജി സ്വീകരിച്ചത്.
പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ ഹർജി നൽകണമെന്ന് ചൂണ്ടിക്കാണിച്ചാണ് സബ്കലക്ടർ എജിക്ക് റിപ്പോർട് നൽകിയിരുന്നത്. ഹൈക്കോടതിയിലെത്തി അഡിഷണൽ എജിയുമായി സബ്കലക്ടർ നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനം. ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതാക്കളും തമ്മിലുള്ള ഏറ്റുമുട്ടൽ എന്ന നിലയിലേയ്ക്ക് കാര്യങ്ങൾ എത്തിയിരിക്കുന്ന സാഹചര്യത്തിൽ കോടതിയലക്ഷ്യ നടപടികൾ വേണ്ടായെന്ന് അഡിഷണൽ എജി തീരുമാനിക്കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്.
Read More: സബ് കളക്ടറെ അധിക്ഷേപിച്ചതിന് എസ്.രാജേന്ദ്രനെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു
മൂന്നാർ സ്പെഷൽ ട്രൈബ്യൂണലിന്റെ കീഴിൽ വരുന്ന എട്ട് വില്ലേജുകളിൽ നിർമാണങ്ങൾക്ക് റവന്യൂ വകുപ്പിന്റെ അനുമതി വേണമെന്നു 2010 ജനുവരി 21നു ഹൈക്കോടതി ഉത്തരവുണ്ടായിരുന്നു. തുടർന്ന്, മൂന്നാർ, പള്ളിവാസൽ, ചിന്നക്കനാൽ, ദേവികുളം പഞ്ചായത്തുകൾക്ക് ഇടുക്കി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ 2010 ഫെബ്രുവരി 15നു കത്ത് മുഖേന നിർദേശം നൽകിയിട്ടുള്ളതാണ്.
ടാറ്റ ടീ മൂന്നാർ പഞ്ചായത്തിനു സൗജന്യമായി നൽകിയ ഭൂമിയിൽ റവന്യൂ വകുപ്പിന്റെ അനുമതിയില്ലാതെ നിർമാണം നടക്കുന്നതായി പരാതി കിട്ടി. ജില്ലാ കലക്ടറുടെ എൻഒസി ഇല്ലെന്നു ബോധ്യപ്പെട്ടതോടെ 2019 ഫെബ്രുവരി അഞ്ചിനു സ്റ്റോപ് മെമോ നൽകി. സബ്കലക്ടറുടെ നിർദേശവും അവഗണിച്ചു പണി തുടർന്നതു നിർത്തിവയ്പിക്കാൻ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. എങ്കിലും കോടതി ഉത്തരവും സബ്കലക്ടറുടെ നിർദേശവും അവഗണിച്ചു നിർമാണം തുടരുകയായിരുന്നുവെന്ന് സബ്കലക്ടർ ഡോ. രേണു രാജ് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here