ശാരദ ചിട്ടി തട്ടിപ്പ്; രാജീവ് കുമാറിന്‍റെ ചോദ്യം ചെയ്യുന്നത് പൂർത്തിയായി

ശാരദ ചിട്ടി ഫണ്ട് തട്ടിപ്പ് കേസില്‍ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിന്‍റെ സി ബി ഐ ചോദ്യം ചെയ്യുന്നത് പൂർത്തിയായി. നാലു ദിവസങ്ങളിലായി 36 മണിക്കുറോളം ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ രാജീവ് കുമാർ ഷില്ലോംഗില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങി.
കേസില്‍ കുറ്റാരോപിതനായ തൃണമൂല്‍ കോൺഗ്രസ്സ് എം പി കുനാൽ ഖോഷിനേയും രാജീവ് കുമാറിനേയും രണ്ട് ദിവസങ്ങളില്‍ ഒരുമിച്ചാണ് സി ബി ഐ ചോദ്യം ചെയ്തിരുന്നത്. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് സി ബി ഐക്ക് മുന്നില്‍ ചേദ്യം ചെയ്യലിന് രാജീവ് കുമാര്‍ ഹാജരായത്. ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സംസ്ഥാന സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്നു രാജീവ് കുമാർ. അന്വേഷണത്തിനിടെ ചില ഉന്നതരെ സംരക്ഷിക്കാൻ കേസിലെ തെളിവുകൾ നശിപ്പിച്ചു എന്നാണ് കമ്മീഷണർകെതിരെയുള്ള ആരോപണം.
ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസുകളില്‍ തെളിവുകള്‍ നശിപ്പിച്ചു എന്ന് ആരോപിച്ചാണ് അന്വേഷണ സംഘം തലവനായിരുന്ന കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി സിബിഐ സംഘമെത്തിയതും നാടകീയമായി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തതും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ കേന്ദ്ര സര്‍ക്കാരുമായുള്ള തുറന്ന പോരിലേയ്ക്കും ദേശീയ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്ന സംഭവവികാസങ്ങളിലേയ്ക്കും നയിച്ചതും.
ശാരദ ചിട്ടി തട്ടിപ്പ് കേസ് 2016 നിയമസഭ തിരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലുണ്ടായെങ്കിലും മുന്‍ നിയമസഭ തിരഞ്ഞെടുപ്പിനേക്കാള്‍ വലിയ വിജയം നേടി തൃണമൂല്‍ അധികാരം നിലനിര്‍ത്തുകയാണുണ്ടായത്. അതേസമയം സംസ്ഥാനത്ത് വലിയ തോതില്‍ ജനരോഷം ഉയര്‍ത്തിയതും രാഷ്ട്രീയ നേതൃത്വം ഉദ്യോഗസ്ഥ വൃന്ദങ്ങളും ആരോപണവിധേയരായതുമായ കേസാണിത്. ബംഗാളിന് പുറമെ ത്രിപുര, അസം, ബിഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലും ഈ സ്വകാര്യ ഗ്രൂപ്പിനെതിരെ ചിട്ടി തട്ടിപ്പ് പരാതി ഉയര്‍ന്നു.
ശാരദ ചിട്ടി തട്ടിപ്പ്
വ്യാജ നിക്ഷേപ വാഗ്ദാനങ്ങളിലൂടെ പണം സമാഹരിച്ച് ഇരനൂറോളം സ്വകാര്യ കമ്പനികളുടെ കണ്‍സോര്‍ഷ്യമായ ശാരദ ഗ്രൂപ്പ് 17 ലക്ഷത്തോളം നിക്ഷേപകരെ വഞ്ചിച്ചതായാണ് കേസ്. ബംഗാളില്‍ നിന്ന് 4000 കോടി രൂപയോളം നിക്ഷേപകരില്‍ നിന്ന് തട്ടിയതായാണ് പരാതി. ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് ശക്തമായ പ്രതിഷേധമുയര്‍ന്നതോടെ 2013 ഏപ്രിലില്‍ ജസ്റ്റിസ് ശ്യാമള്‍കുമാര്‍ സെന്‍ കമ്മീഷനെ അന്വേഷണത്തിനായി സര്‍ക്കാര്‍ നിയോഗിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആദായനികുതി വകുപ്പും അന്വേഷണം തുടങ്ങി. 2013 നവംബറില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായും സര്‍ക്കാരുമായും ബന്ധപ്പെട്ട ഉന്നതര്‍ അറസ്റ്റിലായി. തൃണമൂല്‍ എംപിമാരായ കുനാല്‍ ഘോഷ്, ശ്രിന്‍ജോയ് ബോസ്, മുന്‍ മന്ത്രി മദന്‍ മിത്ര, മുന്‍ ഡിജിപി രജത് മജുംദാര്‍, ഫുട്‌ബോള്‍ ക്ലബ് ഉടമ ദേബബ്രത സര്‍ക്കാര്‍ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. തട്ടിപ്പിന്റെ സംസ്ഥാനാന്തര ബന്ധം വ്യക്തമാവുകയും രാജ്യാന്തര ബന്ധം സംശയിക്കുകയും രാഷ്ട്രീയ ബന്ധം സംബന്ധിച്ച് തെളിവുകള്‍ പുറത്തുവരുകയും ചെയ്ത സാഹചര്യത്തില്‍ 2014 മേയ് എട്ടിന് കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടു.
Read More:ശാരദ ചിട്ടി തട്ടിപ്പ് കേസ്; കാൽക്കത്ത പോലീസ് കമ്മീഷണർ രാജിവ് കുമാറിനെ ചോദ്യം ചെയ്യുന്നത് തുടരും
റോസ് വാലി ചിട്ടി തട്ടിപ്പ്
ശാരദയേക്കാള്‍ വലിയ തുകയുടെ തട്ടിപ്പാണ് റോസ് വാലി കമ്പനിയുമായി ബന്ധപ്പെട്ട് നടന്നത്. 15,000 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്. പശ്ചിമബംഗാള്‍, ഒഡീഷ, അസം, ബിഹാര്‍ സംസ്ഥാനങ്ങളിലാണ് പ്രധാനമായും തട്ടിപ്പ് നടന്നത്. തട്ടിപ്പ് പണം രാഷ്ട്രീയ നേതാക്കള്‍ക്ക് കൈക്കൂലിയായി നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ആരോപിച്ചു. ശാരദ ചിട്ട് ഫണ്ട് തകര്‍ച്ചയ്ക്ക് പിന്നാലെ നിക്ഷേപകര്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന പ്രചാരണവുമായി റോസ് വാലി വ്യാപകമായി മാധ്യമങ്ങളില്‍ പരസ്യം ചെയ്തിരുന്നു. ശാരദയെപ്പോലെ റോസ് വാലിക്കും സ്വന്തമായ മീഡിയ ഡിവിഷനുകളുണ്ട്. നാല് ടിവി ചാനലുകളും. 27 ശതമാനം വരെ പലിശയാണ് നിക്ഷേപകര്‍ക്ക് വാഗ്ദാനം ചെയ്തത്. എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും കേസെടുക്കുന്നതിന് മുമ്പായി സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) റോസ് വാലി ചിട്ട് ഫണ്ട് സംബന്ധിച്ച് അന്വേഷിച്ചിരുന്നു.
റോസ് വാലി കമ്പനിക്കും ചെയര്‍മാന്‍ ഗൗതം കുണ്ടുവിനും മറ്റുള്ളവര്‍ക്കുമെതിരെ പണ തട്ടിപ്പ് തടയുന്നതിനുള്ള പ്രിവന്‍ഷന്‍ ഓഫ് മണി ലോണ്ടറിംഗ് ആക്ട് (പിഎംഎല്‍എ) പ്രകാരം കേസെടുത്തു. ഗൗതം കുണ്ടുവിനെ 2015ല്‍ കൊല്‍ക്കത്തയില്‍ വച്ച് എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു. ഗൗതം കുണ്ടു ഇപ്പോള്‍ ജയിലിലാണ്. ഈ കേസില്‍ കൊല്‍ക്കത്തയിലേയും ഭുവനേശ്വറിലേയും കോടതികളിലായി എന്‍ഫോഴ്‌സ്‌മെന്റ് കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു.
ശാരദ-റോസ് വാലി കേസുകളില്‍ സിബിഐ അന്വേഷിക്കാന്‍ 2018 ഏപ്രിലില്‍ ത്രിപുരയിലെ ബിജെപി സര്‍ക്കാര്‍ തീരുമാനിച്ചു. മണിക് സര്‍ക്കാര്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന സിപിഎം നേതാവ് ബാദല്‍ സര്‍ക്കാരിനെ ചോദ്യം ചെയ്തു. തിരഞ്ഞെടുപ്പ് കാലത്ത് റോസ് വാലി ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യന്ത്രിയായിരുന്ന മണിക് സര്‍ക്കാരിനെതിരെയും എതിരാളികള്‍ ആരോപണം ഉന്നയിച്ചിരുന്നു. അസം, ഒഡീഷ സര്‍ക്കാരുകളും ശാരദ ഗ്രൂപ്പിനെതിരെ നിയമ നടപടികള്‍ തുടങ്ങി.
2014ല്‍ സുപ്രീം കോടതി ഉത്തരവ് പ്രകാരം അന്വേഷണം സിബിഐയ്ക്ക് കൈമാറുന്നത് വരെ ശാരദ, റോസ് വാലി കേസുകള്‍ അന്വേഷിച്ചിരുന്നത് നിലവില്‍ കൊല്‍ക്കത്ത പൊലീസ് കമ്മീഷണറായ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്. ഈ കേസുകളുമായി ബന്ധപ്പെട്ട രേഖകള്‍ രാജീവ് കുമാര്‍ നശിപ്പിച്ചു എന്നാണ് സിബിഐയുടെ ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here