Advertisement

സമീപകാലത്തെ ഏറ്റവും വലിയ ഭീകരാക്രമണം; ഉപയോഗിച്ചത് 350 കിലോ സ്‌ഫോടക വസ്തു

February 14, 2019
Google News 1 minute Read

ഉറി ആക്രമണത്തിന് ശേഷം രാജ്യത്തെ ഞെട്ടിച്ച മറ്റൊരു ഭീകരാക്രമണമാണ് ഇന്ന് ദക്ഷിണ കശ്മീരിലെ പുല്‍വാമയിലുണ്ടായത്.  ജമ്മു-ശ്രീനഗര്‍ ദേശീയ പാതയില്‍ വൈകീട്ട് മൂന്നരയോടെയായിരുന്നു അപ്രതീക്ഷിത ആക്രമണം. 350  കിലോയോളം സ്‌ഫോടകവസ്തുവാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ് (ഐ.ഇ.ഡി.) ആണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. കാര്‍ ബോംബ് ആക്രമണങ്ങള്‍ നടത്തുന്നതിനായി  അഫ്ഗാനിസ്ഥാനിലും മറ്റും തീവ്രവാദികള്‍ ഇത്തരം സ്‌ഫോടക വസ്തുക്കളാണ് ഉപയോഗിക്കാറുള്ളത്. വാഹനം ഇടിക്കുന്നതിന്റെ ആഘാതത്തില്‍ ഡിറ്റണേറ്റര്‍ ചാര്‍ജ്ജാകുകയും സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിക്കുകയുമാണ് ചെയ്യുക.

Read More: ജവാന്‍മാരുടെ വീരമൃത്യു വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ജെയ്‌ഷെ ഭീകരനായ ചാവേര്‍ ഈ സ്‌ഫോടക വസ്തുക്കള്‍ നിറച്ച എസ്.യു.വി. വാന്‍ സൈനിക വാഹനവ്യൂഹത്തിനു നേരെ ഓടിച്ചു കയറ്റുകയായിരുന്നു. ചാവേറിന്റെ വാഹനത്തില്‍ വലിയ തോതില്‍ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നതാണ് സ്‌ഫോടനത്തിന്റെ ശേഷി ഇത്രയും കൂട്ടിയത്. സമീപകാലത്ത് സുരക്ഷാസേനയ്ക്ക് നേരെയുണ്ടാക്കിയ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. 2016 സെപ്തംബര്‍ 18 ന് ഉറി സൈനിക ക്യാമ്പിനു നേരെയുണ്ടായ ആക്രമണത്തിനു ശേഷം സേനയ്ക്ക്  ഇത്രയേറെ ആള്‍നാശമുണ്ടാക്കിയ ഭീകരാക്രമണമായിരുന്നു ഇന്നത്തേത്.

ഫയറിങ് റേഞ്ചിലെ പരിശീലനം കഴിഞ്ഞ് ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്ന സിആര്‍പിഎഫ് ജവാന്‍മാരെയാണ് ഇത്തവണ ഭീകരര്‍ ലക്ഷ്യം വെച്ചത്. സ്‌ഫോടനത്തില്‍ സൈനികര്‍ സഞ്ചരിച്ചിരുന്ന ഒരു ബസ് പൂര്‍ണമായും കത്തി നശിച്ചു. 42 പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും പലരുടെയും നില അതീവ ഗുരുതരം ആണെന്നുമാണ് വിവരം.  മരണ സംഖ്യ ഇനിയും വര്‍ധിച്ചേക്കുമെന്നാണ് സി.ആര്‍.പി.എഫ്. വൃത്തങ്ങള്‍ പറയുന്നത്.

Read More: രാജ്‌നാഥ് സിംഗ് നാളെ കശ്മീരിലേക്ക്; ഭീകരാക്രമണത്തിന് മറക്കാനാവാത്ത തിരിച്ചടി നല്‍കുമെന്ന് ജെയ്റ്റ്‌ലി

ആക്രമണം നടന്ന സ്ഥലം പൂര്‍ണമായും സൈന്യത്തിന്റെ നിയന്ത്രത്തിലാണ്. ഉന്നത സൈനിക പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ ലോക്കല്‍ പോലീസിനെ സഹായിക്കാന്‍ ഫോറന്‍സിക് വിദഗ്ദര്‍ ഉള്‍പ്പെട്ട എന്‍ ഐ എ സംഘം പുല്‍വാമയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും നാളെ പല്‍വാമയില്‍ എത്തി സ്ഥിതി ഗതികള്‍ വിലയിരുത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here