രാജ്‌നാഥ് സിംഗ് നാളെ കശ്മീരിലേക്ക്; ഭീകരാക്രമണത്തിന് മറക്കാനാവാത്ത തിരിച്ചടി നല്‍കുമെന്ന് ജെയ്റ്റ്‌ലി

ഭീകരാക്രണമുണ്ടായ ജമ്മുകശ്മീരിലെ പുല്‍വാമയിലേക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് നാളെയെത്തും. ബീഹാറിലെ പരിപാടികള്‍ ഒഴിവാക്കിയാണ് ആഭ്യന്തരമന്ത്രി കശ്മീരിലേക്ക് തിരിക്കുന്നത്. കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കുമായും സി.ആര്‍.പി.എഫ്. ഡയറക്ടര്‍ ജനറലുമായി സംസാരിച്ച് രാജ്‌നാഥ് സിംഗ് സ്ഥിതിഗതികള്‍ വിലയിരുത്തി. സംഭവത്തെപ്പറ്റി കശ്മീര്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേ സമയം ഭീകരാക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. ഒരിക്കലും മറക്കാനാവാത്ത തിരിച്ചടിയായിരിക്കും നല്‍കുകയെന്നും അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി.
Read Also: സിബിഡിടി ചെയര്‍മാന്‍ സുശീല്‍ ചന്ദ്രയെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു
ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സൈനിക വാഹനവ്യൂഹനത്തിനു നേരെ ഇന്ന് വൈകീട്ടുണ്ടായ ഭീകരാക്രമണത്തില്‍ 30 സിആര്‍പിഎഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. നാല്‍പ്പതിലധികം ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. പുല്‍വാമയില്‍വെച്ച് സിആര്‍പിഎഫ് സംഘം സഞ്ചരിച്ച വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സൈനിക വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ ഒരു ബസ്സിനു നേരെ സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചുകയറ്റുകയായിരുന്നു. തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്. തീവ്രവാദി സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് അക്രമത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്.
Read Also: പിവി അൻവർ എംഎൽഎക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും
പുല്‍വാമ ജില്ലയിലെ അവന്തിപോരയില്‍ വെച്ചാണ് സി.ആര്‍.പി.എഫ്. വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ ആക്രണമണമുണ്ടായത്. പരിശീലനം കഴിഞ്ഞ് മടങ്ങുകയായിരുന്നു സിആര്‍പിഎഫ് സംഘം. സ്‌ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് കോണ്‍വോയ് ആയി പോയ സൈനിക വാഹനവ്യൂഹത്തില്‍ 70 വാഹനങ്ങളുണ്ടായിരുന്നു. 2500 ലധികം സിആര്‍പിഎഫ് സൈനികര്‍ സംഘത്തിലുണ്ടായിരുന്നതായാണ് വിവരം. ഇതില്‍ രണ്ട് ബസ്സുകളെയാണ് ഭീകരര്‍ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ട്. ഉഗ്രശേഷിയുള്ള ഐ.ഇ.ഡി. ബോംബാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here