Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (16 ഫെബ്രുവരി 2019)

February 16, 2019
Google News 1 minute Read

പുൽവാമ ഭീകരാക്രമണം; വീരമൃത്യു അടഞ്ഞ ജവാന്മാരുടെ ഭൗതിക ശരീരം സംസ്‌കരിച്ചു

ജമ്മു കാശ്മീരിലെ ഭീകാരാക്രമണത്തിൽ വീരമൃത്യു അടഞ്ഞ ജവാന്മാരുടെ ഭൗതിക ശരീരം സംസ്കരിച്ചു. നാനാതുറകളിൽ നിന്നുളളവർ സംസ്ക്കാര ചടങ്ങുകളിലേക്ക് ഒഴുകിയെത്തി. രാഷ്ട്രീയ – സംസ്ക്കാരിക സൈനിക മേഖലകളിലെ നിരവധി പേർ അന്ത്യാജ്ഞലികൾ അർപ്പിച്ചു.സംസ്ഥാന സർക്കാറുകളുടെ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്ക്കാര ചടങ്ങുകൾ പൂർത്തിയായത്.

അതിര്‍ത്തിയില്‍ വീണ്ടും സ്ഫോടനം; ഒരു ജവാന്‍ കൊല്ലപ്പെട്ടു

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്ഥാന്‍ ആക്രമണം. ജമ്മു കാശ്മീരിലെ രജൗരിയിലാണ് സ്ഫോടനം ഉണ്ടായത്. നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍വെച്ച ബോംബ് നിര്‍വീര്യമാക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. മേജര്‍ റാങ്കിലുള്ള സൈനികനാണ് കൊല്ലപ്പെട്ടത്. നിയന്ത്രണരേഖയില്‍ നിന്നും 1.5 കിമി അകത്തേക്ക് മാറിയാണ് ബോംബ് വെച്ചിരുന്നത്. രാജ്യത്തെ നടുക്കിയ ജെയ്ഷ്-ഇ-മുഹമ്മദ് ഭീകരാക്രമണം നടന്ന രണ്ട് ദിവസത്തിന് ശേഷമാണ് വീണ്ടും ഇന്ത്യന്‍ അതിര്‍ത്തിയില്‍ സ്ഫോടനം നടക്കുന്നത്.

പുല്‍വാമ ഭീകരാക്രമണം; കൊല്ലപ്പെട്ട സൈനികന്‍ വിവി വസന്തകുമാറിന്റെ ഭൗതിക ശരീരം വീട്ടില്‍ എത്തിച്ചു

കഴിഞ്ഞ ദിവസം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ വിവി വസന്തിന്റെ ഭൗതിക ശരീരം ലക്കിടിയിലെ വീട്ടില്‍ എത്തിച്ചു. കുടുംബ ശ്മശാനത്തില്‍ അല്‍പ്പസമയത്തിനകം തന്നെ ഭൗതിക ശരീരം സംസ്കരിക്കും. അതേസമയം, വിവി വസന്തിന്റെ കുടുംബത്തെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുമെന്ന് മന്ത്രി ഇപി ജയരാജന്‍ അറിയിച്ചു.

ജനങ്ങളുടെ അമര്‍ഷം മനസിലാക്കുന്നു; ഭീകരാക്രമണത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി

പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുറ്റക്കാരായവരെ വെറുതെ വിടില്ല. ജനങ്ങളുടെ അമര്‍ഷം മനസിലാക്കുന്നു. സൈനികരുടെ വീരമൃത്യു വെറുതെയാകില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്രയില്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പുല്‍വാമ ഭീകരാക്രമണം; ഭീകരര്‍ ഉപയോഗിച്ചത് യൂറിയയെന്ന് എന്‍ഐഎ; 12 പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു

പുല്‍വാമ ഭീകരാക്രമണത്തില്‍ ഭീകരര്‍ ഉപോഗിച്ചത് വളം നിര്‍മ്മിക്കാനും മറ്റും ഉപയോഗിക്കുന്ന യൂറിയ എന്ന് എന്‍ഐഎ. ആര്‍ഡിഎക് ആണ് ഭീകരര്‍ ഉപയോഗിച്ചതെന്നായിരുന്നു പ്രഥാമിക നിഗമനം. സ്‌ഫോടനം നടന്ന സ്ഥലത്ത് നടത്തിയ പരിശോധനയില്‍ നിന്നുമാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത് യൂറിയ ആണെന്ന് വ്യക്തമായത്. അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ എന്‍ഐഎ സംഘം കസ്റ്റഡിയില്‍ എടുത്തു. ഇവരെ ചോദ്യം ചെയ്ത് വരികയാണ്.

പുല്‍വാമയില്‍ ചാവേര്‍ ഉപയോഗിച്ചത് ആര്‍ഡിഎക്‌സ്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് സിആര്‍പിഎഫ്

പുല്‍വാമയില്‍ ചാവേറാക്രമണത്തിന് ഉപയോഗിച്ചത് ആര്‍ഡിഎക്സ് എന്ന് വെളിപ്പെടുത്തല്‍. അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് സിആര്‍പിഎഫ്. ഐഇഡി ആണ് ഉപയോഗിച്ചതെന്ന രീതിയില്‍ നേരത്തെ പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. ആര്‍ഡിഎക്സ് അറുപത് കിലോയാണ് ഉപയോഗിച്ചതെന്നാണ് ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

കൊട്ടിയൂര്‍ പീഡനക്കേസ് ; ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്; 3 ലക്ഷം രൂപ പിഴ

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാദര്‍ റോബിന്‍ വടക്കുംചേരിക്ക് 20 വര്‍ഷം കഠിന തടവ്. 3 വകുപ്പുകളിലായി 60 വര്‍ഷത്തെ തടവാണ് കോടതി വിധിച്ചത്. എന്നാല്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. തലശേരി പോക്‌സോ കോടതി ജഡ്ജി പി എം വിനോദാണ് ശിക്ഷ വിധിച്ചത്. മൂന്നു ലക്ഷം രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു. ഫാദര്‍ അര്‍ഹനാണെന്ന് റോബിന്‍ വടക്കുംചേരി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ആറ് പ്രതികളെ കുറ്റക്കാരനല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചിരുന്നു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here