റാന്നിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസ്; മുഖ്യപ്രതി കീഴടങ്ങി

പത്തനംതിട്ട റാന്നി വെച്ചുച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രധാന പ്രതി ലാല്‍ രാജ് പൊലീസില്‍ കീഴടങ്ങി. ഇയാളുടെ അറസ്റ്റ് പോലീസ് ഉടന്‍ രേഖപ്പെടുത്തും. ഈ കേസില്‍ രണ്ടു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വെച്ചൂച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ വെച്ചൂച്ചിറ സ്വദേശി റോഷന്‍, കക്കുടുമണ്‍ സ്വദേശി രജീഷ് എന്നിവര്‍ നേരത്തെ പിടിയിലായിരുന്നു. എന്നാല്‍ മുഖ്യ പ്രതി ലാല്‍ രാജിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സ്വാധീനമാണ് ഇതിനു പിന്നിലെന്ന് ആക്ഷേപം ഉയരുകയും ചെയ്തിരുന്നു. ഇയാളുടെ അറസ്റ്റിനായി സമ്മര്‍ദ്ദം ഉയര്‍ന്നതിനു പിന്നാലെയാണ് മുഖ്യ പ്രതി ലാല്‍ രാജ് ഇന്ന് രാവിലെ വെച്ചൂച്ചിറ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
ഫോണ്‍ വിളിച്ചുള്ള സൗഹൃദം മുതലെടുത്ത് ബന്ധുക്കളായ രണ്ട് പെണ്‍കുട്ടികളെയും ഒന്നരമാസത്തിനിടെ ഒന്നിലേറെ തവണ പീഡിപ്പിച്ചുവെന്നാണ് കേസ്. പീഡനത്തിനായി കൂട്ടിക്കൊണ്ടുപോയ ഓട്ടോഡ്രൈവര്‍ അമലിനെ ഇനിയും പിടികൂടാനായിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് പീഡനം സംബന്ധിച്ച പരാതി പൊലീസില്‍ നല്‍കിയത്.
പീഡനത്തിനിരയായവരില്‍ ഒരു പെണ്‍കുട്ടി പതിവായി സ്‌കൂളില്‍ എത്താത്തത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ചൈല്‍ഡ് ലൈന്‍ അന്വേഷണം നടത്തിയത്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. പെണ്‍കുട്ടികളോട് ലൈംഗികച്ചുവയോടെ സംസാരിച്ചതിന് വെച്ചൂച്ചിറ സ്വദേശി ജോബിനെയും അറസ്റ്റ് ചെയ്തിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here