Advertisement

പൊങ്കാലയിട്ട് സിനിമാ താരങ്ങളും; വീഡിയോ

February 20, 2019
Google News 1 minute Read

അനന്തപുരിയിലെ ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മിനിസ്‌ക്രീനിലെയും വെള്ളിത്തിരയിലെയും താരങ്ങൾ പൊങ്കാലയർപ്പിച്ചു. താരങ്ങളായ കൃഷ്ണപ്രഭ, ജലജ, സരിഗ എന്നിവരാണ് പൊങ്കാലയർപ്പിക്കാൻ തലസ്ഥാന നഗരിയിൽ എത്തിയത്.

പതിവ് പോലെ വളരെ നേരത്തെ തന്നെ ആറ്റുകാൽ ക്ഷേത്രത്തിനു സമീപത്തായി താരങ്ങൾ പൊങ്കാലയർപ്പിക്കാനായെത്തിയിരുന്നു. മറ്റെല്ലാ തിരക്കുകളും മാറ്റി വച്ച് എല്ലാവർഷവും പൊങ്കാലയർപ്പിക്കാൻ എത്താറുണ്ടെന്ന് താരങ്ങൾ പറഞ്ഞു.

പൊങ്കാലയിടാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി പണ്ടാരയടുപ്പിൽ അഗ്‌നി പകരുന്നത് വരെയുള്ള കാത്തിരുപ്പ്. ശേഷം പണ്ടാര അടുപ്പിൽ നിന്നും പകർന്നുകിട്ടിയ ദീപം പരസ്പരം കൈമാറി പൊങ്കാലയ്ക്കായി തയ്യാറാക്കിയ തങ്ങളുടെ അടുപ്പുകളിലേക്ക് പകർന്നു.പിന്നെ പൊങ്കാല നിവേദ്യം തയ്യാറാക്കുന്ന തിരക്കിലേക്ക്.

കുംഭമാസത്തിലെ പൂരം നാളും പൗര്‍ണമിയും ചേര്‍ന്ന ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയര്‍പ്പിക്കാന്‍ ലക്ഷങ്ങളാണ് എത്തിയത്. രാവിലെ പത്തേകാലിന്
ക്ഷേത്രം തന്ത്രി തെക്കേടത്ത് കുഴിക്കാട്ട് പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്ന് ദീപം പകർന്ന് മേൽശാന്തി എൻ. വിഷ്ണു നമ്പൂതിരിക്ക് കൈമാറി. തുടർന്ന് ക്ഷേത്രതിടപ്പള്ളിയിലെ പൊങ്കാല അടുപ്പ് കത്തിച്ചു. പിന്നാലെ ക്ഷേത്രത്തിനു മുൻവശം തയ്യാറാക്കിയ പണ്ടാര അടുപ്പിലേക്ക് അഗ്നി പകര്‍ന്നതോടെ അനന്തപുരി അക്ഷരാര്‍ത്ഥത്തില്‍ യാഗശാലയായി.

Read Also : ആറ്റുകാൽ പൊങ്കാലായോടനുബന്ധിച്ച് പോലീസ് സുരക്ഷ കർശനമാക്കുന്നു

ഇന്നലെ മുതല്‍ തന്നെ ക്ഷേത്ര പരിസരത്ത് നിന്നും കിലോമീറ്ററുകളോളം പൊങ്കാലയടുപ്പുകള്‍ നിരന്നിരുന്നു. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും വിദേശ രാജ്യത്ത് നിന്നടക്കം പൊങ്കാലയ്ക്കായി ഭക്തരെത്തി. നാല്‍പത് ലക്ഷം പൊങ്കാലയാണ് ക്ഷേത്രം അധികൃതര്‍ ഇക്കുറി ലക്ഷ്യം വച്ചത്.

അതേസമയം  പുലര്‍ച്ചെ നട തുറന്നത് മുതല്‍ ദര്‍ശനത്തിനായി വലിയ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്. പൊങ്കാലയ്ക്ക് മുന്‍പ് ദര്‍ശനം നടത്താന്‍ ആയിരക്കണക്കിന് സ്ത്രീ ഭക്തജനങ്ങളെത്തി. തിരക്ക് നിയന്ത്രിക്കുന്നതിനായി ക്ഷേത്രത്തിലും നഗരത്തിലാകമാനവും പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here