ആറ്റുകാൽ പൊങ്കാലായോടനുബന്ധിച്ച് പോലീസ് സുരക്ഷ കർശനമാക്കുന്നു

ആറ്റുകാൽ പൊങ്കാലായോടനുബന്ധിച്ച് പോലീസ് സുരക്ഷ കർശനമാക്കുന്നു. പഴുതടച്ച സുരക്ഷയാകും ഇത്തവണത്തേതെന്ന് സിറ്റി പോലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ പറഞ്ഞു. ആയിരം വനിതാ പോലീസുകാരടക്കം നാലായിരം പോലീസുകാരുടെ സേവനം ഇത്തവണത്തെ ആറ്റുകാൽ പൊങ്കാലയ്ക്കുണ്ടാകും.
നൈറ്റ് പട്രോളിങ്ങിന് പ്രതേകം സംഘം, സ്‌പെഷ്യൽ കോബ്ര പെട്രോളിംഗ് ടീം, ഷാഡോ ടീം, കൂടാതെ അന്യ സംസ്ഥാന മോഷ്ടക്കളെ പിടിക്കാൻ സ്‌പെഷ്യൽ ഷാഡോ ടീം. ഇത്തവണത്തെ ആറ്റുകാൽ പൊങ്കാലയ്ക്കുള്ള പോലീസ് വിന്യാസം ഇങ്ങനെയാണ്.കോബ്രാ പട്രോൾ എന്ന ബൈക്ക് പട്രോളിങ്ങ് സംഘത്തിൽ ഇക്കുറി വനിതാ പൊലീസുകാരുമുണ്ടാകും.രാത്രിയും പകലുമായി ക്ഷേത്ര പരിസരത്തെ പ്രധാന ഭാഗങ്ങളിലും, ഇടുങ്ങിയ വഴികളിലും ശക്തമായ പട്രോളിങ് നടത്തി പൊലീസ് സാന്നിധ്യം കോബ്രാ സംഘം ഉറപ്പ് വരുത്തുമെന്ന് സിറ്റി പോലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ പറഞ്ഞു.
ക്ഷേത്ര പരിസരത്തും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും കൂടുതൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കും. ഡ്രോൺ ക്യാമറകൾ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്താനുള്ള സംവിധാനവും പോലീസ് ഒരുക്കും. ട്രസ്റ്റ് ഓഫീസിനടുത്തുള്ള പോലീസ് കൺട്രോൾ റൂമിലെ ദൃശ്യങ്ങൾ കമ്മീഷണർ ഓഫീസിൽ ഇരുന്നും, പോലീസ് കൺട്രോൾ റൂമിലിരുന്നും നിരീക്ഷിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
റെസിഡന്റ്‌സ് അസിഡോസിയേഷനിൽ നിന്നും തിരഞ്ഞെടുത്ത 1000 വോളണ്ടിയർമാരുടെയും എൻ.എസ്.എസ്, എൻ.സി.സി വോളണ്ടിയർമാരുടെയും, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റിന്റെയും സേവനം പൊങ്കാലയ്ക്കായി എത്തുന്ന ഭക്തർക്കുണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here