സന്ദേശം സിനിമയെ വിമർശിച്ച് ശ്യാം പുഷ്‌കരന് മറുപടിയുമായി ഹരീഷ് പേരടി

സന്ദേശം സിനിമയെ വിമർശിച്ച തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന് മറുപടിയുമായി നടൻ ഹരീഷ് പേരടി. ഒരു അജ്ഞാത ശവത്തെ ഏറ്റെടുത്ത് ഇവിടെ ഈ വർഷം ഒരു ഹർത്താൽ നടന്നത് നിങ്ങൾ അറിഞ്ഞില്ലേയെന്നും അത് തന്നെയാണ് സന്ദേശം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം എന്നും ഹരീഷ് പേരടി ഫെയ്‌സ്ബുക്കിൽ കുറിച്ചു.
സന്ദേശം സിനിമ മുന്നോട്ട് വയ്ക്കുന്ന സന്ദേശത്തിൽ വിയോജിപ്പുണ്ടെന്ന് ശ്യം പുഷ്‌കരൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ‘സന്ദേശം എന്ന സിനിമ എന്ത് സന്ദേശമാണ് നൽകുന്നതെന്ന് എനിക്കറിയില്ല. മലയാള സിനിമ കണ്ട എറ്റവും മികച്ച രണ്ടു തിരക്കഥകളായി എനിക്ക് തോന്നിയിട്ടുള്ളത് ഗോഡ്ഫാദറും ഇൻ ഹരിഹർ നഗറുമാണ്.’ ഇതായിരുന്നു ശ്യാം പുഷകരന്റെ പ്രതികരണം.
വിദ്യാർഥി രാഷ്ട്രീയത്തോട് താൽപര്യമുള്ള വ്യക്തിയാണെന്നും പക്ഷേ വിദ്യാർഥി രാഷ്ട്രീയം വേണ്ടെന്നാണ് സന്ദേശം പറഞ്ഞു വയ്ക്കുന്നതെന്നും ശ്യം പുഷ്‌കരൻ അഭിപ്രായപ്പെട്ടു. ശ്യം പുഷ്‌കരന്റെ അഭിപ്രായത്തെ വിമർശിച്ച് ഒട്ടേറെ പേർ രംഗത്ത് വന്നിരുന്നു.
ശ്രീനിവാസൻ-സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലുണ്ടായ രാഷ്ട്രീയ-കുടുംബ ആക്ഷേപഹാസ്യ മലയാളചലചിത്രമാണ് സന്ദേശം. അന്ധമായ രാഷ്ട്രീയം കുടുംബബന്ധങ്ങളേയും സമൂഹത്തേയും എങ്ങനെ ദോഷകരമായി സ്വാധീനിക്കുന്നു എന്ന സന്ദേശമാണ് ഈ ചിത്രത്തിലൂടെ ലഭിക്കുന്നത്.
എവർഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ തിരുപ്പതി ചെട്ടിയാർ നിർമ്മിച്ച് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത സന്ദേശം 1991 -ൽ പ്രദർശനത്തിനിറങ്ങി. എവർഷൈൻ റിലീസ് വിതരണം ചെയ്തിരിക്കുന്നു. ശ്രീനിവാസൻ ആണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here