Advertisement

ഡീന്‍ കുര്യാക്കോസിനെതിരെ കേസെടുക്കാമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം

February 22, 2019
Google News 0 minutes Read

യൂത്ത്‌കോണ്‍ഗ്രസ് നേതാവ് ഡീന്‍കുര്യാക്കോസ് ഉള്‍പ്പെടെ നേതാക്കള്‍ക്കെതിരെ കേസെടുക്കാമെന്ന് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം.ശബരിമല കര്‍മ്മസമിതി നേതാക്കള്‍ക്കെതിരേയും കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം.ഈമാസം 18 ന് ഉണ്ടായ ഹര്‍ത്താല്‍ അതിക്രമങ്ങളിലും കേസെടുക്കാമെന്ന് ഡി.ജി.പിക്ക് നിയമോപദേശം ലഭിച്ചു.

ഹര്‍ത്താല്‍ നടത്തിയ നേതാക്കള്‍ക്കെതിരെ കേസെടുക്കാമെന്ന് ഇന്ന് ഹൈക്കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. എന്നാല്‍ ഇത് ഉത്തരവില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഈ മാസം 28നകം വിശദാംശങ്ങള്‍ അറിയിക്കാനും എ ജിയോട് ഇന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ മാസം 18 ലെയും ജനുവരി 3 ലെയും ഹര്‍ത്താല്‍ അക്രമങ്ങളില്‍ നേതാക്കളെ പ്രതിചേര്‍ക്കാമെന്നാണ് നിയമോപദേശം.

ഹര്‍ത്താല്‍ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഡീന്‍ കുര്യാക്കോസിനെതിരെ രൂക്ഷ വിമര്‍ശനമാണ്
ഹൈക്കോടതി നടത്തിയത്. ഹര്‍ത്താലിന്റെ നഷ്ടം ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഡീന്‍ അടക്കം 3 പേര്‍ക്ക് എതിരെ പ്രേരണ കുറ്റം ചുമത്തി കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

കാസര്‍ഗോഡ് ജില്ലയിലെ നഷ്ടം യുഡിഎഫ് ഭാരവാഹികളായ കമറുദ്ദിന്‍, ഗോവിന്ദന്‍ നായര്‍ എന്നിവരില്‍ വഹിക്കണമെന്നും കോടതി പറഞ്ഞു. വാദത്തിനിടെ ഡീന്‍ കുര്യാക്കോസ് നിയമം പഠിച്ചതല്ലേയെന്ന് കോടതി ചോദിച്ചു. ഉത്തരവിനെക്കുറിച്ച് അറിയില്ലെന്ന് ഡീനിന്റെ അഭിഭാഷകന്‍ പറഞ്ഞപ്പോഴായിരുന്നു കോടതിയുടെ മറുചോദ്യം. നിയമം പഠിച്ചിട്ടുണ്ടെങ്കിലും പ്രാക്ടീസ് ചെയ്യുന്നില്ലെന്ന് മറുപടിയായി അഭിഭാഷകന്‍ പറഞ്ഞു.ആദ്യ കേസായാണ് കോടതി ഡീന്‍ കുര്യാക്കോസിനും കാസര്‍ഗോഡ് ഡിസിസി നേതാക്കള്‍ക്കെതിരേയും പരിഗണിച്ചത്. ഹര്‍ത്താല്‍ ദിനത്തില്‍ ഉണ്ടായ നഷ്ടം കണക്കാക്കാന്‍ കമ്മീഷണനെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.

പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട ദിവസമാണ് ഡീന്‍ കുര്യാക്കോസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഹര്‍ത്താലിന് ആഹ്വാസം ചെയ്തത്. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഏഴുദിവസം മുന്‍പ് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കവെയാണ് ഡീന്‍ അര്‍ദ്ധരാത്രിയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ ഡീനെതിരെ ഹൈക്കോടതി കോടതിയലക്ഷ്യത്തിന് സ്വമേധയാ കേസെടുത്തിരുന്നു.മുന്‍കൂര്‍ നോട്ടീസ് നല്‍കാത്തതിന്റെ പേരിലാണ് കോടതി കേസെടുത്തിരിക്കുന്നത്. ഡീന്‍ കുര്യാക്കോസിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റും സര്‍ക്കാര്‍ ഹൈക്കോടതിയിക്ക് കൈമാറിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here