സൗദിയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി കണ്ടെത്താന്‍ പദ്ധതി വരുന്നു

സൗദിയില്‍ കൂടുതല്‍ സ്വദേശികള്‍ക്ക് ജോലി കണ്ടെത്താന്‍ പദ്ധതി വരുന്നു. സര്‍ക്കാര്‍,സ്വകാര്യ മേഖലകളിലാണ് പുതിയ അവസരങ്ങള്‍ സൃഷ്ടിക്കുക. മലയാളികള്‍ ഉള്‍പ്പെടെ ലക്ഷക്കണക്കിന് വിദേശികള്‍ക്കാണ് സ്വദേശീവല്‍ക്കരണ പദ്ധതികള്‍ മൂലം തൊഴില്‍ നഷ്ടപ്പെട്ടത്.ഈ വര്‍ഷം അവസാനമാകുമ്പോഴേക്കും നാലര ലക്ഷം സൗദികള്‍ക്ക് പുതുതായി ജോലി കണ്ടെത്തുമെന്ന് സൗദി തൊഴില്‍ മന്ത്രി അഹമദ് അല്‍രാജി പറഞ്ഞു. പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും സഹകരണത്തോടെ ഇതുസംബന്ധമായ പദ്ധതി തയ്യാറാക്കി വരികയാണ്.
പദ്ധതിയുടെ നടത്തിപ്പിനായി രണ്ടായിരം സൗദി യുവതി യുവാക്കള്‍ക്ക് പരിശീലനം നല്‍കി വരുന്നുണ്ട്. തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാന്‍ നിരവധി സ്വദേശീവല്‍ക്കരണ പദ്ധതികളാണ് മന്ത്രാലയം നടപ്പിലാക്കുന്നത്. ഏറ്റവും കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന പന്ത്രണ്ട് മേഖലകളിലെ സൗദിവല്‍ക്കരണമാണ് സമീപകാലത്ത് നടപ്പിലാക്കിയത്തില്‍ ഏറ്റവും പ്രധാനം. ഇതിലൂടെ മാത്രം മൂന്നു ലക്ഷത്തോളം വിദേശികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മാത്രം അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാര്‍ സൗദിയില്‍ നിന്ന് മടങ്ങിയതായാണ് റിപ്പോര്‍ട്ട്.
2017 അവസാനത്തില്‍ സൗദിയില്‍ മുപ്പത്തിരണ്ടര ലക്ഷം ഇന്ത്യക്കാരുണ്ടായിരുന്നത് ഏറ്റവും പുതിയ കണക്ക് പ്രകാരം ഇരുപത്തിയേഴര ലക്ഷമായി കുറഞ്ഞു. സൗദിയില്‍ നിന്ന് മടങ്ങിയ ഇന്ത്യക്കാരില്‍ ഏതാണ്ട് പകുതിയോളം മലയാളികളാണ്. വിദേശ തൊഴിലാളികള്‍ക്കും, അവരുടെ സൌദിയിലുള്ള കുടുംബങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ ലെവിയാണ് തൊഴിലാളികള്‍ മടങ്ങാനുള്ള പ്രധാന കാരണം. നിരവധി സ്ഥാപനങ്ങള്‍ ഇതുകാരണം അടച്ചുപൂട്ടി.
വിപണിയെ ഇത് കാര്യമായി ബാധിച്ചത് കൊണ്ട് തന്നെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പുനപ്പരിശോധിക്കാന്‍ സൗദി ശൂറാ കൌണ്‍സില്‍ തൊഴില്‍ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സൗദിയില്‍ പുതിയ മെഗാ പദ്ധതികളുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സജീവമാകുന്നത്തോടെ കൂടുതല്‍ വിദേശികളെ റിക്രൂട്ട് ചെയ്യുമെന്നാണ് സൂചന.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here