യുദ്ധത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദിയുടെ ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണന്‍

യുദ്ധത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുദ്ധം ഒരു പ്രശ്‌നത്തിന്റെയും പരിഹാരമല്ല. ഭയം കൊണ്ട് ബിജെപി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും കോടിയേരി ആരോപിച്ചു. കാശ്മീര്‍ ഇന്ത്യയുടെ ഭാഗമെന്ന് പറയുമ്പോഴും കശ്മീരികളെ ഉള്‍ക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പാകിസ്ഥാനെ എതിരിടുന്നതിന് കാശ്മീരികളെ കൂടെ നിര്‍ത്തേണ്ടതുണ്ട്.അദാനിക്ക് വിമാനത്താവളങ്ങള്‍ നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ പുന:പരിശോധിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.
Read Also; ‘ഇനിയെങ്കിലും പാകിസ്ഥാന്‍ പാഠം പഠിക്കണം’; എ കെ ആന്റണി
അതേ സമയം പാകിസ്ഥാനെതിരെ നടപടിയെ അനുകൂലിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണി രംഗത്തെത്തിയിരുന്നു. ഇനിയെങ്കിലും പാകിസ്ഥാന്‍ പാഠം പഠിക്കണമെന്ന് എ കെ ആന്റണി പറഞ്ഞു. പാകിസ്ഥാന് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തിയേയോ മനോബലത്തേയോ നേരിടാന്‍ ഒരിക്കലും സാധ്യമല്ലെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടിയ സാഹചര്യത്തിലൊക്കെ പാകിസ്ഥാന് തോല്‍വി മാത്രമേ ഉണ്ടായിട്ടുള്ളൂ. ഇതില്‍ നിന്നും പാകിസ്ഥാന്‍ പാഠം ഉള്‍ക്കൊള്ളണം. ഇല്ലെങ്കില്‍ ഇതിനേക്കാള്‍ വലിയ നാണക്കേട് നാളെ ഉണ്ടാകുമെന്നുമായിരുന്നു ആന്റണിയുടെ പ്രതികരണം.
Read Also: ‘എങ്ങനെയുണ്ട് ഞങ്ങളുടെ ഉശിര്’; പാകിസ്ഥാനെതിരെ ഇന്ത്യയുടെ തിരിച്ചടിയില്‍ സുരേഷ് ഗോപി
പുല്‍വാമ ആക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയെ പ്രശംസിച്ച് രാജ്യസഭാംഗവും നടനുമായ സുരേഷ് ഗോപിയും രംഗത്തെത്തിയിരുന്നു. ധീരന്മാരായ ജവാന്മാരുടെ മരണത്തിനു പകരമായി പാക് അധിനിവേശ കശ്മീരിലെ നാല് ഭീകരതാവളങ്ങളാണ് ഇന്ത്യ തകര്‍ത്തതെന്ന് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഏകദേശം മുന്നൂറോളം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. എങ്ങനെയുണ്ട് തങ്ങളുടെ ഉശിരെന്നും സുരേഷ് ഗോപി ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here