സാമ്പത്തിക തട്ടിപ്പ്: റോബര്‍ട്ട് വദ്ര വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരായി

എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്ടറേറ്റിന് മുന്നില്‍ ഹാജരായി. സാമ്പത്തിക തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനാണ് റോബര്‍ട്ട് വാദ്ര ഹാജരായത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്ടറേറ്റിന് മുന്നില്‍ ഹാജരാകാതിരിക്കാനുള്ള റോബര്‍ട്ട് വാദ്രയുടെ ഹര്‍ജി ഇന്നലെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.
മറ്റൊരു കേസില്‍ അഞ്ച് ദിവസത്തിനകം അതു സംബന്ധമായ എല്ലാ രേഖകളും റോബര്‍ട്ട് വാദ്രയുടെ നിയമ സംഘത്തിന് കൈമാറണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തന്റെ ഓഫീസില്‍ നിന്ന് പിടിച്ചെടുത്ത രേഖകളുടെ മുഴുവന്‍ വിവരങ്ങളും തനിക്ക് കൈമാറണമെന്ന് കാണിച്ച് വാദ്ര ശനിയാഴ്ച കോടതിയെ സമീപിച്ചിരുന്നു.
ബിസിനസ് പങ്കാളികളുടെ സഹായത്തോടെ ബിനാമി ഇടപാട് വഴി ലണ്ടനില്‍ ആഡംബര വില്ല ഉള്‍പ്പെടെ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വദ്രയെ ചോദ്യം ചെയ്തുവരികയാണ്. നേരത്തേ മൂന്ന് തവണകളായി ചോദ്യം ചെയ്യലിന് റോബര്‍ട്ട് വദ്ര എത്തിയിരുന്നു. ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് കഴിഞ്ഞ തവണ റോബര്‍ട്ട് വദ്ര ചോദ്യം ചെയ്യലിന് എത്തിയിരുന്നില്ല. വദ്രയുടെ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനി ജീവനക്കാരന്‍ മനോജ് അറോറയുടെ പേരിലാണ് ചില സ്വത്തുക്കള്‍ വാങ്ങിയിരിക്കുന്നത്. നേരത്തേ മനോജ് അറോറയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ വേട്ടയാടലിന്റെ ഭാഗമാണ് കേസ് എന്നാണ് വദ്രയുടെയും കോണ്‍ഗ്രസിന്റെയും ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here