ബ്രഹ്മപുരം പ്ലാന്റിലേക്കുള്ള മാലിന്യനീക്കം നാളെ പുനരാരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍

ബ്രഹ്മപുരം മാലിന്യപ്ലാന്റിലേക്കുള്ള മാലിന്യനീക്കം നാളെ മുതല്‍ പുനരാരംഭിക്കുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ അറിയിച്ചു. ബ്രഹ്മപുരം പ്ലാന്റിന്റെ പ്രവര്‍ത്തനം തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഇന്നു ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. വടവുകോട് പഞ്ചായത്തിന്റെ ആവശ്യങ്ങള്‍ യോഗത്തില്‍ അംഗീകരിച്ചു. സുരക്ഷാ സംവിധാനങ്ങള്‍ സജ്ജമാക്കാനും സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കാനും തീരുമാനമായി. ശാസ്ത്രീയമായ മാലിന്യ സംസ്‌കരണത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും യോഗത്തില്‍ കളക്ടര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.
കഴിഞ്ഞയാഴ്ച ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വന്‍ തീപിടുത്തമുണ്ടായിരുന്നു. മാലിന്യങ്ങള്‍ക്ക് തീ പടര്‍ന്നു പിടിച്ചതിനെ തുടര്‍ന്ന് രണ്ട് ദിവസത്തിലധികമാണ് പ്രദേശത്ത് തീയും പുകയും നിറഞ്ഞു നിന്നത്. ഇതിനിടെ ഇന്നലെ രാത്രി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലേക്ക് മാലിന്യവുമായെത്തിയ വാഹനങ്ങള്‍ സമീപവാസികളുടെ നേതൃത്വത്തില്‍ തടഞ്ഞിട്ടിരുന്നു. മാലിന്യവുമായെത്തിയ പത്തോളം ലോറികളാണ് തടഞ്ഞത്. വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലാണ് കൊച്ചി കോര്‍പറേഷന്റെ മാലിന്യവുമായെത്തിയ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞത്. സംഭവത്തെ തുടര്‍ന്ന് രാത്രി ഏറെ വൈകിയും സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്‌നപരിഹാരത്തിന് ജില്ലാ കളക്ടര്‍ യോഗം വിളിച്ചത്. ബ്രഹ്മപുരത്തേക്ക് മാലിന്യങ്ങള്‍ എത്തിക്കാന്‍ കഴിയാത്തതു മൂലം ആറ് ദിവസത്തോളമായി കൊച്ചി നഗരത്തിലെ മാലിന്യനീക്കം നിലച്ചിരുന്നു.
ബ്രഹ്മപുരം പ്ലാന്റില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ തീപിടിത്തവും ഇതേ തുടര്‍ന്നുണ്ടായ രൂക്ഷമായ പുകശല്യവുമാണ് ജനങ്ങളുടെ എതിര്‍പ്പിന് കാരണമായത്. വൈറ്റില, തൃപ്പുണിത്തുറ, ഇരുമ്പനം മേഖലകളില്‍ പുക പടര്‍ന്നത് ആശങ്കയ്ക്കിടയാക്കിയിരുന്നു. പ്ലാന്റിലെ മാലിന്യക്കൂമ്പാരത്തില്‍ രണ്ട് ദിവസമായി തുടര്‍ന്ന തീ പിടുത്തം ഒടുവില്‍ മറ്റു ജില്ലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘം കൂടിയെത്തിയാണ് അണച്ചത്. ഇതേ തുടര്‍ന്ന് ആവശ്യമായ സൗകര്യങ്ങള്‍ സജ്ജമാക്കാതെ ഇനി ബ്രഹ്മപുരത്തേക്ക് മാലിന്യം കൊണ്ട് വരില്ലെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് നടപ്പാക്കാതെ മാലിന്യം എത്തിച്ചതാണ് ഇന്നലെ വീണ്ടും സംഘര്‍ഷത്തിന് കാരണമായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here