ഇന്ത്യ-പാക് വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍

ഇന്ത്യയും പാക്കിസ്ഥാനുമായുള്ള വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന്റെ ഔദ്യോഗിക വക്താവാണ് ഇക്കാര്യം അറിയിച്ചത്. പാക്കിസ്ഥാനില്‍ കസ്റ്റഡിയിലുള്ള വൈമാനികനെ ഇന്ത്യക്ക് തിരികെ നല്‍കുമെന്ന പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും യു എന്‍ സെക്രട്ടറി ജനറല്‍ അറിയിച്ചു.
അതേ സമയം അക്രമവും ഭീകരവാദവുമില്ലാത്ത അന്തരീക്ഷത്തില്‍വേണം ചര്‍ച്ചയെന്ന നിലപാടില്‍ ഇന്ത്യ ഉറച്ചു നില്‍ക്കുകയാണ്. ഇന്ത്യയുമായി ചര്‍ച്ചയാകാം എന്ന പാക്കിസ്ഥാന്റെ നിലപാടിന് മറുപടിയായാണ് ഇക്കാര്യം ഇന്ത്യ വ്യക്തമാക്കിയത്. ജെയ്‌ഷേയ്ക്ക് എതിരെ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ആ ഭീകരവദ സംഘടനയ്ക്ക് എതിരെ നടപടി വേണം എന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കാനും അതിനായുള്ള നയതന്ത്ര നീക്കങ്ങള്‍ ശക്തമാക്കാനും ഇന്ത്യ തീരുമാനിച്ചു. അബുദാബിയില്‍ നടക്കുന്ന ഇസ്‌ലാമിക രാജ്യങ്ങളുടെ സംഘടനയായ ഒഐസി യോഗത്തില്‍ മുഖ്യാതിഥി ആകുന്ന വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇക്കാര്യം സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളെ ഇക്കാര്യം അറിയിക്കും.
Read Also: അഭിനന്ദന്‍ എത്തുക വാഗ അതിര്‍ത്തിയിലൂടെ; സൈനികര്‍ സ്വീകരിക്കും
പാക്കിസ്ഥാനില്‍ പിടിയിലായ വൈമാനികന്‍ അഭിനന്ദന്‍ വര്‍ധമാന്‍ ഇന്ന് ഉച്ചയോടെ തിരിച്ചെത്തുന്നതോടെ ഇന്ത്യ-പാക് ബന്ധത്തില്‍ എന്താകും പുരോഗതിയെന്നാണ് ലോകരാഷ്ട്രങ്ങള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ജയ്‌ഷേ മുഹമ്മദ് അടക്കമുള്ള ഭീകരവാദ സംഘടനകള്‍ക്ക് എതിരെ നടപടി ഉണ്ടാകാത്തിടത്തോളം കാലം പാക്കിസ്ഥാന് മറുപടി ഇല്ലെന്നാണ് വിദേശകാര്യമന്ത്രാലയം നല്‍കുന്ന വിശദീകരണങ്ങള്‍. ഇക്കാര്യം പാക്കിസ്ഥാനെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കുന്നു.
അഭിനന്ദന്‍ വര്‍ധമാനെ മോചിപ്പിയ്ക്കുന്നത് സമാധാനത്തിനായുള്ള പാക്കിസ്ഥാന്റെ ആത്മാര്‍ത്ഥമായ ചുവടാണെന്ന് ഇന്ത്യകരുതുന്നില്ല. ജനീവ കരാറിന്റെ ലംഘനം നടന്നതായി സ്ഥിരീകരിക്കപ്പെട്ടപ്പോള്‍ മുഖം രക്ഷിയ്ക്കാന്‍ പാക്കിസ്ഥാന്‍ സര്‍ക്കാര്‍ പയറ്റുന്ന തന്ത്രമാണിത്. അഭിനന്ദനെ വിട്ടയ്ക്കാനുള്ള പാക്കിസ്ഥാന്റെ തീരുമാനം ജനീവ കരാര്‍ പ്രകാരം മാത്രമാണെന്ന് ഇന്നലെ ഇന്ത്യന്‍ സായുധസേനകളുടെ മേധാവികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here