Advertisement

ഷെറിൻ മാത്യൂസിന്‍റെ കൊലപാതകം; വളര്‍ത്തമ്മയെ കുറ്റവിമുക്തയാക്കി

March 2, 2019
Google News 1 minute Read

അമേരിക്കയിൽ മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ട കേസില്‍  യുഎസിൽ അറസ്റ്റിലായിരുന്ന മലയാളി യുവതി സിനി മാത്യൂസിനെ കോടതി കുറ്റവിമുക്തയാക്കി. ഷെറിന്റെ മരണത്തിൽ സിനിക്ക് പങ്കുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് കണ്ടെത്താൻ സാധിക്കാതിരുന്നതിനെ തുടർന്നാണ് വിട്ടയച്ചത്. ഇതോടെ തടവില്‍ കഴിഞ്ഞിരുന്ന സിനിയെ മോചിപ്പിച്ചു. എന്നാല്‍ കേസില്‍ സിനിയുടെ ഭര്‍ത്താവ്  വെസ്‌ലി മാത്യൂസിന്‍റെ വിചാരണ തുടരും.

2017 ഒക്ടോബറില്‍ റിച്ചഡ്സണിലെ വീട്ടിൽനിന്നു ഷെറിനെ കാണാതാവുകയും പിന്നീട്, വീടിന് ഒരു കിലോമീറ്റർ അകലെ കലുങ്കിനടിയിൽനിന്നു മൃതദേഹം കണ്ടെത്തിയതിനെയും തുടർന്നാണ് മലയാളി ദമ്പതികളായ വെസ്‍ലി മാത്യൂവും സിനി മാത്യൂസും പൊലീസ് കസ്റ്റഡിയിലായത്. ഇരുവരും സ്വന്തം കുഞ്ഞിനൊപ്പം പുറത്ത് ഭക്ഷണം കഴിക്കാൻ പോയപ്പോൾ വളർത്തുമകളായ ഷെറിനെ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ഉപേക്ഷിച്ചു എന്നതാണ് സിനിക്കെതിരെ ചുമത്തിയിരുന്ന കേസ്. അതേസമയം സിനി ഇവർക്കൊപ്പം ഭക്ഷണം കഴിക്കാൻ പോയി എന്നു പൊലീസിന് തെളിയിക്കാൻ സാധിക്കാതിരുന്നതാണ് ഇവരുടെ മോചനത്തിലേയ്ക്ക് വഴി തുറന്നത്. ഭക്ഷണം കഴിക്കാൻ പോയതിന്റെ ബില്ലുകളോ മൊഴികളോ അന്വേഷണത്തിൽ കണ്ടെത്താനായില്ല.

Read Moreഷെറിൻ മാത്യൂസ് കൊലപാതകം; പിതാവിനെതിരെ കൊലക്കുറ്റം ചുമത്തി

പുറത്തു വന്ന സിനി മകളെ കാണുന്നതിനുള്ള അവകാശവും പാസ്പോർട്ടും വീണ്ടെടുക്കണമെന്നും ആവശ്യപ്പെട്ടതായി സിനിയുടെ അറ്റോർണി ഹീത്ത് ഹാരിസ് പറഞ്ഞു.  ദൈവാനുഗ്രഹമാണ്, വിട്ടയച്ചതിൽ നന്ദിയുണ്ട്, എല്ലാവരോടും നന്ദി. മകളുമായി സന്തോഷത്തോടെ ജീവിക്കാനാണ് ആഗ്രഹമെന്നും സിനി പുറത്ത് മാധ്യമങ്ങളോടു പറഞ്ഞു. എന്നാൽ ഭർത്താവിനെക്കുറിച്ച്  പ്രതികരിക്കാൻ സിനി തയാറായില്ല. അറസ്റ്റിലായതിനു പിന്നാലെ ഇരുവരുടെയും കുട്ടിയിലുള്ള അവകാശം എടുത്തു കളഞ്ഞിരുന്നു. അതുകൊണ്ടു തന്നെ സിനിക്ക് സ്വന്തം കുഞ്ഞിനെ കാണാൻ ഉടൻ സാധിക്കില്ല. ഇവരുടെ കുഞ്ഞ് ബന്ധുവിനൊപ്പമാണ് ഇപ്പോഴുള്ളത്. അതേസമയം, വെസ്‌ലി മാത്യൂസിന്റെ വിചാരണ അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. നിർബന്ധിച്ചു പാൽ കുടിപ്പിച്ചപ്പോൾ ശ്വാസംമുട്ടി കുട്ടി മരിച്ചെന്നാണ് വെസ്‍ലിയുടെ മൊഴി. പാൽ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടർന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുവെന്നും ഇയാൾ പൊലീസിനോടു പറഞ്ഞിരുന്നു. തുടർന്നായിരുന്നു ഇരുവരുടെയും അറസ്റ്റ്.

പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യമൊഴി. അന്നു വെസ്‍ലിയെ അറസ്റ്റു ചെയ്തെങ്കിലും ജാമ്യത്തിൽ വിട്ടിരുന്നു. കലുങ്കിനടയില്‍നിന്നു കണ്ടെടുത്ത മൃതദേഹം ഷെറിന്‍റെതാണെന്നു ഉറപ്പായ സാഹചര്യത്തിലാണു വെസ്‍ലി മാത്യൂസ് മൊഴി മാറ്റിയത്. കുട്ടിയെ ക്രൂരമായി പരുക്കേല്‍പ്പിച്ച് എന്നതുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു അറസ്റ്റ്.  വെസ്‌ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റിൽനിന്നു ലഭിച്ച ഡിഎൻഎ സാംപിളുകളിൽ നിന്നാണ് ഷെറിൻ മാത്യൂസിന്റെ മരണം കൊലപാതകമാണെന്നു പൊലീസ് സ്ഥരീകരിച്ചത്.

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here