Advertisement

ശിവരാത്രി നാളെ; പിതൃതര്‍പ്പണത്തിന് ആലുവ മണപ്പുറം ഒരുങ്ങി

March 3, 2019
Google News 0 minutes Read

പ്രളയത്തിന് ശേഷമുള്ള ആദ്യ ശിവരാത്രി മഹോത്സവത്തിനായി ആലുവ മണപ്പുറം ഒരുങ്ങി. നാളെയാണ് ശിവരാത്രി. ഇത്തവണ പത്ത് ലക്ഷത്തോളം ആളുകള്‍ എത്തുമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കണക്ക്. നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ക്കായുള്ള സൗകര്യങ്ങളെല്ലാം തന്നെ ഒരുങ്ങിക്കഴിഞ്ഞു. പതിനായിരങ്ങളാണ് പെരിയാറിന്റെ തീരത്ത് പിതൃതര്‍പ്പണത്തിനായെത്തുക. പെരിയാറിന്റെ തീരത്തെ ബലിത്തറകളുടെയും താല്‍ക്കാലിക ഓഫീസുകളുടെയും പണി അവസാനഘട്ടത്തിലാണ്. മണപ്പുറത്ത് 178 ബലിത്തറകളാണ് ഇത്തവണ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരുക്കുന്നത്. നാളെ രാത്രി 12 മണി മുതല്‍ ചൊവ്വാഴ്ച പകല്‍ 12 മണി വരെയാണ് ബലിതര്‍പ്പണം നടക്കുക.

ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് ഇത്തവണ ശിവരാത്രിക്കുള്ള ക്രമീകരണങ്ങള്‍ സജ്ജമാക്കിയിരിക്കുന്നത്.സുരക്ഷാ നടപടികളുടെ ഭാഗമായി കൂടുതല്‍ പോലീസിനെ ഇത്തവണ മണപ്പുറത്ത് വിന്യസിച്ചിട്ടുണ്ട്. പ്രത്യേക ഫയര്‍‌സ്റ്റേഷന്‍ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. നേവിയുടെയും ആരോഗ്യ വകുപ്പിന്റെ സഹായവും തേടിയിട്ടുണ്ടെന്നും സംഘാടകര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി യുടെ വിവിധ ഡിപ്പോകളില്‍ നിന്ന് കൂടുതല്‍ സര്‍വ്വീസുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തൃശൂരിനും ആലുവയ്ക്കുമിടയില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസും ഉണ്ടാകും. മെട്രോയും കൂടുതല്‍ സര്‍വീസുകള്‍  ഏര്‍പ്പെടുത്തിയിട്ടുണ്ട്.
കൊച്ചി മെട്രോ മാര്‍ച്ച് നാലിന് രാത്രി 10 മണിക്ക് ശേഷം 3 മണിക്കൂര്‍ അധികം സര്‍വ്വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് നാലിന് രാത്രി 1 മണിവരെയാണ് മെട്രോ സര്‍വ്വീസ് ഉണ്ടാകുക. മാര്‍ച്ച് അഞ്ചിന് പതിവിലും ഒരു മണിക്കൂര്‍ നേരത്തെ സര്‍വ്വീസ് ആരംഭിക്കും. രാവിലെ 5 മണി മുതലാണ് മെട്രോ സര്‍വ്വീസ് തുടങ്ങുക.

ശിവരാത്രിയോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് മണപ്പുറത്ത് പോലീസ് ഒരുക്കിയിരിക്കുന്നത്. കുളിക്കടവുകളിലും പുഴയിലും സിഐ മാരുടെ നേതൃത്വത്തില്‍ പോലീസ് ബോട്ടുകളുടെ പട്രോളിങ്ങുണ്ടാകും. ആലുവ റെയില്‍വേ സ്റ്റേഷനിലും പ്രധാന ജംഗ്ഷനിലും തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മണപ്പുറത്തെ വാച്ച് ടവറുകളിലും പ്രത്യേക സംഘങ്ങള്‍ നിരീക്ഷണച്ചുമതലയിലുണ്ടാകും. മണപ്പുറത്തെ ശിവക്ഷേത്രത്തില്‍ നിന്നും അന്‍പത് മീറ്റര്‍ ചുറ്റളവില്‍ വഴിയോര കച്ചവടങ്ങള്‍ക്ക് പോലീസ് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here