Advertisement

ഉത്തര്‍ പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിനൊപ്പം കൈകോര്‍ത്ത് ആര്‍എല്‍ഡി യും

March 5, 2019
Google News 6 minutes Read

ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തില്‍ ചേര്‍ന്ന് ആര്‍എല്‍ഡിയും. ആര്‍എല്‍ഡി മൂന്ന് സീറ്റുകളില്‍ മത്സരിക്കും. എസ്പി നേതാവ് അഖിലേഷ് യാദവും ആര്‍എല്‍ഡി നേതാവ് ജയന്ത് ചൗധരിയും ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസിന് വേണ്ടി മാറ്റി വെച്ചിട്ടുണ്ടെന്നും അതിനാല്‍ കോണ്‍ഗ്രസും സഖ്യത്തിന്റെ ഭാഗമാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.

എസ്പി-ബിഎസ്പി സഖ്യം പ്രഖ്യാപിച്ച് ഒരു മാസത്തിന് ശേഷമാണ് അജിത് സിംഗിന്റെ രാഷ്ട്രീയ ലോക് ദളും ഔദ്യോഗികമായി സഖ്യത്തിന്റെ ഭാഗമാകുന്നത്. അഞ്ച് സീറ്റുവരെ ആവശ്യപ്പെട്ട ആര്‍എല്‍ഡിക്ക് രണ്ട് സീറ്റുകളായിരുന്നു എസ്പി ബിഎസ്പി സഖ്യം വാഗ്ദാനം ചെയ്തിരുന്നത്. ഇതേ തുടര്‍ന്ന് ആര്‍എല്‍ഡി കോണ്‍ഗ്രസുമായി കൈകോര്‍ക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒരു സീറ്റ് കൂടി അധികം നല്‍കാമെന്ന് വാഗ്ദാനം ചെയ്തതോടെ ആര്‍എല്‍ഡി വഴങ്ങുകയായിരുന്നു. ആര്‍എല്‍ഡിയുടെ സഖ്യ പ്രവേശനം അഖിലേഷ് യാദവും, അജിത് സിംഗിന്റെ മകന്‍ ജയന്ത് ചൗധരിയും സംയുക്തമായാണ് പ്രഖ്യാപിച്ചത്.

Read Also: ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം മത്സരിക്കുന്ന 75 സീറ്റുകളില്‍ ധാരണയായി

കോണ്‍ഗ്രസ് സഖ്യത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന് കോണ്‍ഗ്രസ് ഇപ്പോള്‍ തന്നെ സഖ്യത്തിലുണ്ടെന്നും, അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ടെന്നുമായിരുന്നു അഖിലേഷ് യാദവിന്റെ മറുപടി. പരമ്പരാഗത മണ്ഡലങ്ങളായ മഥുര, ബാഗ്പത്ത് എന്നിവക്ക് പുറമെ മുസഫര്‍ നഗറിലും ആര്‍ എല്‍ഡി മത്സരിക്കും. മഥുരയില്‍ അജിത് സിംഗും, ബാഗ്പത്തില്‍ മകന്‍ ജയന്ത് ചൗധരിയും മത്സരിക്കും. ജാട്ട് സമുദായ വോട്ടുകള്‍ നിര്‍ണ്ണായകമായ പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ ആര്‍എല്‍ഡിയുടെ സാന്നിധ്യം എസ്പി-ബിഎസ്പി സഖ്യത്തിന്‍ ശക്തി പകരും.

Read Also: ഡല്‍ഹിയില്‍ ആംആദ്മിയുമായി സഖ്യത്തിനില്ല; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

പടിഞ്ഞാറന്‍ യുപിയിലെ 22 സീറ്റുകളില്‍ 20ലും 2014ല്‍ ജയിച്ചത് ബിജെപിയായിരുന്നു. എസ്പി രണ്ട് സീറ്റില്‍ ജയിച്ചപ്പോള്‍ ബിഎസ്പിക്കും ആര്‍എല്‍ഡി ക്കും സീറ്റുകളൊന്നും നേടാനായില്ല. മുസഫര്‍ നഗര്‍ കലാപത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ശക്തമായ ഹിന്ദുത്വ ധ്രുവീകരണം മേഖലയില്‍ നിര്‍ണ്ണായക ദളിത്,ജാട്ട് വോട്ടുകള്‍ ബിജെപിയില്‍ കേന്ദ്രീകരിക്കാന്‍ കാരണമായെന്നാണ് കരുതുന്നത്. ബിഎസ്പി-എസ്പി-ആര്‍എല്‍ഡി സഖ്യം വരുന്നതോടെ ദളിത്-ജാട്ട്-മുസ്ലിം വോട്ടുകളുടെ ഏകീകരണം ബിജെപിക്ക് എതിരായി ഉണ്ടാകുമെന്നാണ് രാഷ്ട്രീയ കണക്കുകൂട്ടലുകള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here