ജോയ്‌സ് ജോർജ് കാഴ്ച്ചവെച്ചത് മികച്ച പ്രവർത്തനം; ഇത്തവണ സ്ഥാനാർത്ഥിയായാൽ പൂർണ്ണ പിന്തുണയെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി

ഇടുക്കിയിൽ ജോയ്സ് ജോർജ്ജ് ഇത്തവണ സ്ഥാനാർത്ഥിയായാൽ പൂർണ പിന്തുണ നൽകുമെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി. പാർലമെൻറ് അംഗമെന്ന നിലയിൽ ജോയ്സ് ജോർജ് മികച്ച പ്രവർത്തനം കാഴ്ച വെച്ചതായും സമിതി വിലയിരുത്തി.
ഇടുക്കി ഭൂപ്രശ്നങ്ങൾ പരിഹരിക്കാൻ 12 വർഷം മുമ്പ് ആരംഭിച്ച സമര സംഘടനയാണ് ഹൈറേഞ്ച് സംരക്ഷണസമിതി. ജില്ലയിലെ കൈവശഭൂമിക്ക് നാല് ഏക്കർ വരെ ഉപാധികളില്ലാത്ത പട്ടയം നൽകുന്ന പ്രധാന ആവശ്യം ഉയർത്തിയാണ് സമിതി രംഗത്ത് വന്നത്. പശ്ചിമഘട്ടമാകെ അതീവ പരിസ്ഥിതി മേഖല ആക്കാനുള്ള നീക്കത്തിന്റെ ഭാഗമായി വന്ന ഗാഡ്ഗിൽ റിപ്പോർട്ടിലെ വിശദാംശങ്ങൾ പൊതുസമൂഹത്തിൽ ചർച്ചയാക്കി പ്രതിരോധം തീർത്തതും , കേന്ദ്രസർക്കാരിനെ കൊണ്ട് അത് വേണ്ടെന്ന് തീരുമാനം എടുപ്പിച്ചതും സമിതിയുടെ ശക്തമായ നിലപാടു കൊണ്ടാണ്.
സമിതി ആരംഭിച്ച കാലംമുതൽ നിയമ ഉപദേഷ്ടാവായും നയ രൂപീകരണത്തിൽ സുപ്രധാന പങ്കുവഹിച്ചും നേതൃത്വം നൽകിയിരുന്ന ആളാണ് അഡ്വക്കേറ്റ് ജോയ്സ് ജോർജ്. തുടരെയുള്ള സർക്കാരിൻറെ വാഗ്ദാന ലംഘനങ്ങളുടെയും നീതി നിക്ഷേധങ്ങളുടെയും പശ്ചാത്തലത്തിൽ കഴിഞ്ഞ പാർലമെൻറ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ അദ്ദേഹം സ്ഥാനാർഥിയായി മത്സരിച്ച് അഭിമാനകരമായ വിജയം നേടി.ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരിക്കൽക്കൂടി അദ്ദേഹം സ്ഥാനാർത്ഥിയായാൽ അദ്ദേഹത്തിൻറെ വിജയത്തിനായി സമിതിയുടെ പ്രവർത്തകർ ഒറ്റക്കെട്ടായി അദ്വാനിക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി ജനറൽ കൺവീനർ ഫാദർ സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ പറഞ്ഞു.
ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങൾ ജോയ്സ് ജോർജ്ജിനെ ഏല്പിച്ച ജോലി ഏറ്റവും വിശ്വസ്തതയോടെ നിർവഹിച്ചു എന്നാണ് സമിതി വിലയിരുത്തുന്നത് നിയമനിർമാണസഭയിലെ അദ്ദേഹത്തിൻറെ പങ്കാളിത്തവും സംഭാവനകളും ഏവരുടെയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. ഈ മണ്ഡലത്തിലെ കാർഷിക ഭൂമി പ്രശ്നങ്ങൾ ഉൾപ്പെടെ ജനങ്ങളുടെ നീറുന്ന വ്യത്യസ്ത വിഷയങ്ങളിൽ ജനപക്ഷത്തുനിന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നതെന്നും സമിതി വിലയിരുത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here