കനയ്യ കുമാറിന് ബേഗുസറായ് മണ്ഡലം വിട്ട് നല്‍കാന്‍ ആര്‍ജെഡി തയ്യാറാകില്ലെന്ന് സൂചന

ജെ എന്‍ യു വിദ്യാർത്ഥി യൂണിയന്‍ മുന്‍ പ്രസിഡണ്ട് കനയ്യ കുമാറിന് ബീഹാറിലെ ബേഗുസറായ് മണ്ഡലം വിട്ട് നല്‍കാന്‍ ആർ ജെ ഡി തയ്യാറാകില്ലെന്ന് സൂചന. ബേഗുസറായ് മണ്ഡലത്തില്‍ സ്വന്തം സ്ഥാനാർത്ഥിയെ നിർത്താന്‍ തീരുമാനിച്ചതിനാല്‍ സി പി ഐക്ക് സീറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാടിലാണ് ആർ ജെ ഡി. അങ്ങനെയെങ്കില്‍ കനയ്യ കുമാർ മധുബനി മണ്ഡലത്തില്‍ മത്സരിക്കും. ബീഹാറില്‍ മഹാസഖ്യത്തിനൊപ്പം നില്‍ക്കാന്‍ സി പി ഐ ആവശ്യപ്പെടുന്നത് അഞ്ച് സീറ്റുകളാണ്.
നാല് സീറ്റുകള്‍ ലഭിച്ചാലും സഖ്യമായി മത്സരിക്കും. ബേഗുസറായ് മണ്ഡലം വേണമെന്ന ആവശ്യം നേരത്തെ മുതല്‍ ഉന്നയിച്ചതാണ് സി പി ഐ. ആ സീറ്റ് കനയ്യ കുമാറിന് നല്‍കുമെന്നും പാർട്ടി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ബേഗുസറായ് വിട്ട് നല്‍കാന്‍ തയ്യാറല്ലെന്ന് ലാലു പ്രസാദ് യാദവിന്‍റെ ആർ ജെ ഡി വ്യക്തമാക്കിയിരിക്കുകയാണ്. സി പി ഐക്ക് ശക്തമായ സ്വധീനമുള്ള ബിഹാറിലെ മറ്റൊരു മണ്ഡലമായ മധുബനി കനയ്യ കുമാറിന് നല്‍കാനാണ് പാർട്ടി ഇപ്പോള്‍ ആലോചിക്കുന്നത്. മഹാസഖ്യമെന്ന നിലയില്‍ കോണ്‍ഗ്രസുമായുള്ള ധാരണക്ക് ശേഷമാകും മറ്റ് പാർട്ടികളുമായി ആർ ജെ ഡി സീറ്റ് വിഭജന ചർച്ചകള്‍ പൂർത്തിയാക്കുകയുള്ളു.
ബേഗുസറായ്, മധുബനി എന്നിവക്ക് പുറമെ കഖാരിയ, ബംഗ, ഗയ, മോത്തിഹാരി എന്നീ സീറ്റുകളാണ് ബീഹാറില്‍ സി പി ഐ ആവശ്യപ്പെട്ടിരിക്കുന്നത്. സി പി ഐ എമ്മിന് രണ്ട് സീറ്റുകളടക്കം ആറ് സീറ്റുകളില്‍ മത്സരിക്കാനാണ് ഇടത് മുന്നണിയുടെ താത്പര്യം. ഇക്കാര്യത്തില്‍ ഇത് വരെയും സമവായം ഉണ്ടായിട്ടില്ല. ബീഹാറില്‍ ഇടത് പക്ഷത്തിന് എത്ര സീറ്റുകള്‍, ഏതൊക്കെ സീറ്റുകള്‍ തുടങ്ങിയ കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here