ചക്രകസേരയില്‍ നിന്ന് നന്മയുടെ ‘വിത്ത് മരങ്ങള്‍’ വിതരണം ചെയ്ത് മിനി

ചക്രകസേരയില്‍ കുടുങ്ങിയ ജീവിതമാണ് മിനിയുടേത്. എന്നാല്‍ മിനിയുടെ കൈകളില്‍ നിന്ന് പോയ വിത്തുകള്‍ ഇപ്പോള്‍ നന്മയുടെ തണല്‍ മരങ്ങളായി എത്രയോ പേര്‍ക്ക് എത്രയോ സ്ഥലങ്ങളില്‍ നിഴലിന്റെ സുരക്ഷിതത്വം നല്‍കുന്നുണ്ടാകും. റുമാറ്റിക് ആര്‍ത്രറൈറ്റിക്സ് കാരണം ഒരു വീട്ടില്‍ ഒതുങ്ങിപ്പോകേണ്ടിയിരുന്ന ജീവിതമാണ് മിനിയുടേത്. വിത്ത് പേനകള്‍കൊണ്ട് തനിക്ക് എത്താന്‍ കഴിയാത്ത സ്ഥലങ്ങളില്‍ പോലും  മിനി സ്നേഹത്തിന്റെ തണല്‍മരമായി പടര്‍ന്ന് കഴിഞ്ഞു.

ഒമ്പത് വയസ്സ് വരെ സാധാരണ കുട്ടികളെ പോലെയായിരുന്നു മിനി. എന്നാല്‍ അന്ന് വന്ന ഒരു കാല് വേദനയാണ് മിനിയെ വീല്‍ച്ചെയറില്‍ ‘ഒതുക്കി’ക്കളഞ്ഞത്. ആദ്യം കുറേ വര്‍ഷങ്ങളില്‍ വെറുതേ വീട്ടിലിരുന്നു. വിധിയെ പഴിച്ച് വര്‍ഷങ്ങള്‍ പോയി. കൃഷി സംബന്ധമായ ഒരു ക്ലാസില്‍ വച്ച് ലഭിച്ച പേപ്പര്‍ പേനയാണ് ഇപ്പോള്‍ പേപ്പര്‍ പേനയില്‍ അഗ്രകണ്യയാകാന്‍ മിനിയെ സഹായിച്ചത്. അന്ന് കിട്ടിയ പേന തിരിച്ചും മറിച്ചും നോക്കി. പേന അഴിച്ചെടുത്തു. പിന്നെയാണ് യുട്യൂബിന്റെ സഹായം തേടിയത്. ഒരു തുടക്കക്കാരി നേരിടുന്ന എല്ലാ പ്രശ്നങ്ങളും ആദ്യം നേരിട്ടു. ഒന്ന് പച്ച പിടിച്ച് വന്നപ്പോഴേക്കും പ്രളയം വന്ന് സര്‍വ്വസ്വവും തൂത്തെറിഞ്ഞു. പിന്മാറാന്‍ മിനി ഒരുക്കമായിരുന്നില്ല. കൈവിട്ട് പോയവയെ എല്ലാം ആര്‍ജ്ജവത്തോടെ ചേര്‍ത്ത് പിടിച്ചു. നഷ്ടപ്പെട്ടു എന്ന് കരുതിയതെല്ലാം കൂടുതല്‍ ശക്തമായി കൂടെ പോന്നു.


കൊച്ചിയില്‍ കുറ്റിപ്പുഴയിലാണ് മിനിയുടെ വീട്. ഒരു വര്‍ഷത്തിലധികമായി സീഡ് പേനകള്‍ കൊണ്ട് പുതിയ സ്നേഹ ഗാഥ രചിക്കുകയാണ് ഈ നല്‍പതുകാരി. ആറ് വര്‍ഷത്തോളമായി ജുവലറി മേക്കിംഗിലും, ആര്‍ട്ടിഫിഷ്യല്‍ പൂക്കളുടെ നിര്‍മ്മാണവുമായി ഈ രംഗത്തുണ്ട് മിനി. ഇതൊന്നും ഔദ്യോഗികമായി പഠിച്ചിട്ടില്ല. എങ്ങനെ പഠിച്ചെന്ന് ചോദിച്ചാല്‍ നാലാം ക്ലാസും ഗുസ്തിയുമായി നടന്ന എന്നെ യുട്യൂബാണ് ഈ രംഗത്തേക്ക് വിട്ടതെന്ന് മിനി പറയും.  അതിനിടെ ഒരാള്‍ ഓര്‍ഡര്‍ തന്ന് പറ്റിച്ച കഥ ഫെയ്സ് ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ സഹായ ഹസ്തവുമായി നിരവധി പേര്‍ വന്നു. കച്ചവടം പൊടിപൊടിയ്ക്കുകയാണ് മിനിയുടെ ഫെയ്സ്ബുക്ക് പേജില്‍. അതങ്ങനെയാണ് തിരിച്ചടികളെ വെല്ലുവിളിയായി കണ്ട് മുന്നോട്ട് നീങ്ങിയാല്‍ അവയൊന്നും ലക്ഷ്യത്തെ തടസ്സപ്പെടുത്തുകയേയില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top