Advertisement

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; വസ്തുതകള്‍ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല

March 8, 2019
Google News 1 minute Read

വയനാട് മാവോയിസ്റ്റുകള്‍ക്കെതിരെ നടന്ന വെടിവെപ്പിനെയും മരണത്തെയും പറ്റിയുള്ള വസ്തുതകള്‍ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നേരത്തെ നിലമ്പൂര്‍ സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നാവ് ഇപ്പോള്‍ ഇറങ്ങിപ്പോയോ എന്നും രമേശ് ചെന്നിത്തല ചോദിച്ചു. സര്‍ക്കാറിന്റെ തന്ത്രപരമായ പരാജയമാണ് വെടിവെപ്പിനും മരണത്തിനും ഇടയാക്കിയത്. ഇക്കാര്യത്തില്‍ വസ്തുതയെന്തെന്ന് മുഖ്യമന്ത്രി ജനങ്ങളോട് പറയണം. മരണത്തെ ചൊല്ലി ദുരൂഹതകള്‍ ഉയരുന്നുണ്ട്. സുപ്രീം കോടതി നിര്‍ദേശ പ്രകാരമുള്ള അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Read Also: ‘പണം നല്‍കി കഴിഞ്ഞപ്പോള്‍, ഭക്ഷണം വേണമെന്ന് പറഞ്ഞു, ഈ സമയത്ത് പൊലീസ് എത്തി വെടിവെപ്പ് തുടങ്ങി’

യുഡിഎഫ് സര്‍ക്കാര്‍ ഭരിക്കുമ്പോഴും മാവോയിസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടികളെടുത്തിരുന്നു.എന്നാല്‍ അന്നൊന്നും ആരെയും വെടിവെച്ചു കൊല്ലേണ്ടി വന്നിട്ടില്ല. യു.ഡി.എഫ് കാലത്ത് ഒരു തുള്ളി രക്തം വീഴാതെയാണ് മാവോയിസ്റ്റ് നേതാക്കളെ പിടികൂടിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മാവോയിസ്റ്റുകള്‍ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലിനെപ്പറ്റി ഒട്ടേറെ അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്. നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന് കൊല്ലപ്പെട്ടയാളുടെ ബന്ധുക്കള്‍ സംശയം ഉന്നയിക്കുന്നുണ്ട്. അതു കൊണ്ടു തന്നെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഈ സര്‍ക്കാര്‍ വന്ന ശേഷം വെടിവെപ്പില്‍ മൂന്നാമത്തെ ആളാണ് മരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ തന്ത്രപരമായ പരാജയം തന്നെയാണെന്നും കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിലുണ്ടായ പാളിച്ചയാണ് ഇത്തരം സംഭവമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Read Also: വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; ആദ്യം വെടിവച്ചത് പൊലീസെന്ന് റിസോര്‍ട്ട് ജീവനക്കാര്‍

ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് വയനാട് വൈത്തിരിയില്‍ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് സംഘത്തിലെ സി പി ജലീല്‍ കൊല്ലപ്പെട്ടത്. വൈത്തിരി-കോഴിക്കോട് റോഡിലെ ഉപവന്‍ റിസോര്‍ട്ടില്‍ ഭക്ഷണവും പണവും ആവശ്യപ്പെട്ടാണ് മാവോയിസ്റ്റുകള്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. പത്തുപേര്‍ക്കുള്ള ഭക്ഷണമാണ് ആവശ്യപ്പെട്ടത്. ഇതിനിടെ റസ്റ്റോറന്റ് അധികൃതര്‍ പൊലീസിനെയും തണ്ടര്‍ബോള്‍ട്ടിനേയും വിളിച്ചുവരുത്തുകയായിരുന്നു. മാവോയിസ്റ്റാണ് ആദ്യം വെടിയുതിര്‍ത്തതെന്നാണ് പൊലീസ് പറയുന്നത്. തിരിച്ച് വെടിവെച്ചപ്പോള്‍ മാവോയിസ്റ്റുകള്‍ ചിതറിയോടിയെന്നും ഇതിനിടെയാണ് സി പി ജലീലിന് വെടികൊണ്ടതെന്നുമാണ് പൊലീസ് ഭാഷ്യം. കമഴ്ന്നുകിടക്കുന്ന നിലയിലാണ് ജലീലിന്റെ മൃതദേഹം കണ്ടെത്തിയത്. മറ്റൊരു മാവോയിസ്റ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ ജലീല്‍ മാവോയിസ്റ്റ് ഗ്രൂപ്പിലെ കബനീദളം അംഗമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here