താന്‍ സംശുദ്ധ ഹൃദയത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ആള്‍; കടിക്കാനോ പിടിക്കാനോ അല്ല രാഷ്ട്രീയത്തിലേക്ക് വന്നതെന്ന് കടകംപള്ളിയോട് കുമ്മനം

മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടിയുമായി കുമ്മനം രാജശേഖരന്‍. താന്‍ സംശുദ്ധ ഹൃദയത്തോടുകൂടി രാഷ്ട്രീയത്തെ കാണുന്ന ആളാണ്. തന്നെ പോലെ സംശുദ്ധ രാഷ്ട്രീയത്തില്‍ വിശ്വസിക്കുന്നവര്‍ എന്തെങ്കിലും കടിക്കാനോ പിടിക്കാനോ അല്ല രാഷ്ട്രീയത്തില്‍ വരുന്നത്. തനിക്ക് എന്തെങ്കിലും കടിക്കുകയോ പിടിക്കുകയോ വേണ്ട. കടകംപള്ളി നടത്തിയത് കടുത്ത അവഹേളനമാണെന്നും കുമ്മനം രാജശേഖരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.
ഇന്നലെയാണ് കുമ്മനം രാജശേഖരന്റെ സ്ഥാനാര്‍ത്ഥിത്വത്തെ പരിഹസിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. കൈയിലിരുന്നതും കടിച്ചുപിടിച്ചതും പോയ അവസ്ഥയാകും കുമ്മനത്തിന്റേതെന്നായിരുന്നു മന്ത്രിയുടെ പരിഹാസം. കുമ്മനത്തിന് കാത്തുകിട്ടിയ സമ്മാനമായിരുന്നു ഗവര്‍ണര്‍ പദവി. അങ്ങ് വടക്കു കിഴക്ക് ആരും ശ്രദ്ധിക്കാത്ത ഒരു മൂലക്കായിരുന്നുവെങ്കിലും അതൊരു പദവിയായിരുന്നു. അദ്ദേഹത്തിന് അത് നഷ്ടപ്പെടുന്നു എന്നല്ലാതെ മറ്റ് കാര്യങ്ങള്‍ ഒന്നുമില്ല. കുമ്മനം വരുന്നതില്‍ ഇടതുപക്ഷത്തിന് ആശങ്കയൊന്നും ഇല്ലെന്നും കടകംപള്ളി പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് കുമ്മനം രംഗത്തെത്തയിരിക്കുന്നത്.
അതേസമയം, കേരളം ഇത്തവണ എന്‍ഡിഎയ്‌ക്കൊപ്പം നിലയുറപ്പിക്കുമെന്നും കുമ്മനം പറഞ്ഞു. കേരള രാഷ്ട്രീയത്തില്‍ എന്ത് ഉത്തരവാദിത്തം നല്‍കിയാലും ഏറ്റെടുക്കാന്‍ തയാറാണ്. ഉത്തരവാദിത്തം നല്‍കിയില്ലെങ്കിലും സന്തോഷം. താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച് സിപിഐ വിമര്‍ശിക്കുന്നത് കണ്ടു. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് താന്‍ തെരഞ്ഞെടുപ്പിലേക്കു വരുന്നത്. എംഎല്‍എ സ്ഥാനത്ത് തുടരുകയും മത്സര രംഗത്തേക്ക് വരികയും ചെയ്യുന്ന എല്‍ഡിഎഫിലെ നേതാക്കളെക്കുറിച്ച് അദ്ദേഹം അറിയുന്നില്ല. എല്‍ഡിഎഫ് ആറ് എംഎല്‍എമാരെ രംഗത്തിറക്കിയത് എന്തിനാണെന്നും എംഎല്‍എമാര്‍ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടണമെന്നും കുമ്മനം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
കുമ്മനം ഉള്‍പ്പെടെ സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക നാളെയാണ് പ്രഖ്യാപിക്കുക. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ചൊവ്വാഴ്ച കുമ്മനം കേരളത്തില്‍ മടങ്ങിയെത്തും. തുഷാര്‍ വെള്ളാപ്പള്ളി അമിത് ഷാ വിളിച്ചതനുസരിച്ച് ഡല്‍ഹിയിലെത്തി ചര്‍ച്ച നടത്തി. തൃശ്ശൂര്‍ സീറ്റില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച.
Read more: ശബരിമല ഹിന്ദുക്കളുടെ മാത്രം പ്രശ്‌നമല്ല; തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കുമ്മനം രാജശേഖരന്‍
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here