‘മോദി വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങളും, സ്ത്രീ സുരക്ഷയും എവിടെ ?’; മോദിയെ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലി

നരേന്ദ്ര മോദിയെ ഗുജ്റാത്തില്‍ കടന്നാക്രമിച്ച് പ്രിയങ്ക ഗാന്ധിയുടെ ആദ്യ തെരഞ്ഞെടുപ്പ് റാലി. രാജ്യത്ത് വെറുപ്പ് പടര്‍ന്ന് പിടിച്ചിരിക്കുകയാണെന്നും നരേന്ദ്ര മോദി വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങളും, സ്ത്രീ സുരക്ഷയും എവിടെയെന്നും പ്രിയങ്ക ചോദിച്ചു. തെരഞ്ഞെടുപ്പില്‍ ശരിയായ വിഷയങ്ങള്‍ ഉയര്‍ത്തൂ എന്നും പ്രിയങ്ക മോദിയോട് പറഞ്ഞു. തൊഴിലില്ലായ്മയാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട പ്രശ്മെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. റാലിയില്‍ ഹാര്‍ദിക് പട്ടേല് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചു.

അഹ്മദാബാദില്‍ നടന്ന പ്രവര്‍ത്തക സമിതി യോഗത്തിന് പിന്നാലെ ഗാന്ധി നഗറിലാണ് എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ തെരഞ്ഞെടുപ്പ് റാലിയെ പ്രിയങ്ക ഗാന്ധി ആഭിസംബോധന ചെയ്തത്. വോട്ടിനെ മാറ്റത്തിനുള്ള ആയുധമാക്കണമെന്ന് പറഞ്ഞ പ്രിയങ്ക, ശരിയായ വിഷയങ്ങള്‍ ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാന്‍ നരേന്ദ്രമ മോദിയെ വെല്ലുവിളിക്കുകയും ചെയ്തു.

Read Also : മോദി രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ത്തു കൊണ്ടിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി

മോദി ഭരണം രാജ്യത്ത് വെറുപ്പ് പടര്‍ത്തിയിരിക്കുകയാണെന്നും, സ്നേഹവും സാഹോദര്യവുമെന്ന ഇന്ത്യയുടെ അടിസ്ഥാന തത്വങ്ങളെ സംരക്ഷിക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രിയങ്ക ആഹ്വാനം ചെയ്തു. രാജ്യത്തെ തൊഴിലില്ലായ്മ നാല്‍പ്പത്തിയഞ്ച് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലെത്തിയതില്‍ പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഒരു കടലാസ് വിമാനം പോലും ഉണ്ടക്കാനാക്കാനറിയാത്ത അനില്‍ അംബാനിക്ക് 30000 കോടിയുടെ റഫാല്‍ കരാര്‍ നല്‍കിയ മോദി, കര്‍ഷകര്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും നല്‍കിയത് നോട്ട് നിരോധവും ജിഎസ്ടിയുമാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ജെയ്ഷ് ഭീകരന്‍ മസൂദ് അസ്ഹറിനെ വെറുതെ വിട്ടതാരാണെന്ന് പ്രധാനമന്ത്രി പറയണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. റാലിയില്‍ പട്ടേല്‍ സംവരണ നേതാവ് ഹാര്‍ദിക് പട്ടേലിന് രാഹുല്‍ ഗാന്ധി അംഗത്വം നല്‍കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top