സൗദി; വാഹനമോടിക്കുന്നതിനിടെ ഡ്രൈവര്‍മാര്‍ പുകവലിച്ചാല്‍ കടുത്ത നടപടി

ഡ്രൈവിങ്ങിനിടെ പുക വലിക്കുന്ന ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ യാത്രക്കാര്‍ക്ക് പരാതിപ്പെടാമെന്ന് സൗദി പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. നിയമലംഘകര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള ശിക്ഷാ നടപടി സ്വീകരിക്കും.

ടാക്സി ഡ്രൈവര്‍മാര്‍ പുകവലിക്കുന്നതിനെ കുറിച്ച ഒരു യാത്രക്കാരന്‍റെ ഓണ്‍ലൈന്‍ വഴിയുള്ള ചോദ്യത്തിന് മറുപടിയായാണ്‌ സൗദി പബ്ലിക്‌ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഇതുസംബന്ധമായ വിശദീകരണം നല്‍കിയത്. ടാക്സി ഡ്രൈവര്‍മാര്‍ ഡ്രൈവിങ്ങിനിടെ പുകവലിക്കുന്നത് നിയമലംഘനമാണ്. ഇത് ശ്രദ്ധയില്‍പ്പെടുന്ന യാത്രക്കാര്‍ക്ക് ട്രാഫിക് വിഭാഗത്തില്‍ പരാതിപ്പെടാം. നിയമലംഘകര്‍ക്ക് പിഴ ചുമത്തുമെന്നും അതോറിറ്റി ഓര്‍മിപ്പിച്ചു. ഡ്രൈവിങ്ങിനിടെ പുക വലിക്കുന്നതും, ടാക്സി യാത്രക്കാര്‍ക്ക് പുകവലിക്കാന്‍ സൗകര്യം ചെയ്ത് കൊടുക്കുന്നതും കുറ്റകരമാണ്. സര്‍ക്കാര്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും പുകവലിക്കുന്നതിന് സൗദിയില്‍ നേരത്തെ വിലക്കുണ്ട്.

Read More: സൗദി; പുതുതായി നിര്‍മ്മിക്കുന്നത് പന്ത്രണ്ട് മല്‍സ്യ ബന്ധന തുറമുഖങ്ങള്‍

റെസ്റ്റോറന്റ്, കോഫി ഷോപ്പ്, സൂപ്പര്‍ മാര്‍ക്കറ്റ്‌, ഷോപ്പിംഗ്‌ സെന്‍റര്‍, ഫാക്ടറി, ബാങ്ക്, സ്കൂള്‍, ആരാധനാലയം, കായിക കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്റ് തുടങ്ങിയവ പൊതുസ്ഥലങ്ങളുടെ പട്ടികയില്‍ പെടും. പതിനെട്ടു വയസിനെ താഴെ പ്രായമുള്ളവര്‍ക്ക് പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് ഡിസ്കൌണ്ട് നല്‍കാനോ, ഫ്രീ ഗിഫ്റ്റ് ആയി നല്‍കാനോ പാടില്ല. നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങള്‍ ഇരുപതിനായിരം റിയാല്‍ വരെ പിഴ അടയ്ക്കേണ്ടി വരും. പൊതുസ്ഥലത്ത് പുകവലിച്ചാല്‍ ഓരോ തവണയും ഇരുനൂറ് റിയാല്‍ പിഴ ഈടാക്കും. പിഴയിലൂടെ ഈടാക്കുന്ന തുക പുകവലി വിരുദ്ധ കാമ്പയിനുകള്‍ സംഘടിപ്പിക്കാനും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top