പാര്‍ട്ടിയില്‍ പോരടിക്കുന്നവര്‍ എങ്ങിനെ നാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് വി എന്‍ വാസവന്‍

സ്വന്തം പാര്‍ട്ടിയില്‍ പോരടിക്കുന്നവര്‍ എങ്ങിനെയാണ് നാടിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്ന് കോട്ടയത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി എന്‍ വാസവന്‍. കോട്ടയം സീറ്റിനെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ നടക്കുന്ന തര്‍ക്കങ്ങളെപ്പറ്റി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കേരള കോണ്‍ഗ്രസില്‍ പാര്‍ലമെന്റ് സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് നടക്കുന്ന തമ്മിലടിയും പടലപ്പിണക്കവും തെരഞ്ഞെടുപ്പില്‍ തനിക്ക് ഗുണം ചെയ്യുമെന്നും വാസവന്‍ പറഞ്ഞു. പാര്‍ട്ടിയിലെ കെട്ടുറപ്പ് ഉറപ്പുവരുത്താനാകാത്തവര്‍ക്ക് നാട്ടുകാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. പി ജെ ജോസഫ് യുഡിഎഫ് വിട്ട് വന്നാല്‍ എന്തു ചെയ്യണമെന്നത് സംബന്ധിച്ച് ഇടത് മുന്നണി തീരുമാനിക്കുമെന്നും വിഎന്‍ വാസവന്‍ വ്യക്തമാക്കി.

പി ജെ ജോസഫ് കേരള കോണ്‍ഗ്രസില്‍ നിന്നും പുറത്തു വന്നാല്‍ എല്‍ഡിഎഫില്‍ എടുക്കുന്ന കാര്യം ആലോചിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു. മാണിയുടെ കൂടെ നാണം കെട്ട് ഇനിയും തുടരണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പി ജെ ജോസഫാണ്. പാര്‍ട്ടി വിട്ട് ജോസഫ് പുറത്തുവന്നാല്‍ മുന്നണിയിലെടുക്കുന്ന കാര്യം പരിഗണിക്കാം. മഴക്ക് മുന്നേ കുട പിടിക്കേണ്ട കാര്യമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പി.ജെ ജോസഫിനെ പോലെയൊരു മുതിര്‍ന്ന നേതാവിന് ആഗ്രഹിച്ച സീറ്റ് കൊടുക്കാത്തത് പാര്‍ട്ടിയില്‍ അദ്ദേഹത്തിന് യാതൊരു വിലയുമില്ലെന്നാണ് തെളിയിക്കുന്നത്. ഇനിയും നാണം കെട്ട് പാര്‍ട്ടിയില്‍ തുടരണോയെന്ന് ജോസഫ് തീരുമാനിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top