പെരിയ ഇരട്ടക്കൊലപാതകം; ഒരാൾ കൂടി കസ്റ്റഡിയിൽ

പെരിയ ഇരട്ടക്കൊലപാതകത്തിൽ ഒരാൾ കൂടി കസ്റ്റഡിയിൽ. ഏച്ചിലടുക്കം സ്വദേശി മുരളിയെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ആരോപണ വിധേയനായ ഗംഗാധരന്റെ ഡ്രൈവറാണ് മുരളി. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
പെരിയ കൊലപാതകത്തിൽ അന്വേഷണ സംഘത്തെ പൊളിച്ചു പണിതതിന് ശേഷം ആദ്യമായാണ് ഒരാളെ കസ്റ്റഡിയിൽ എടുക്കുന്നത്. പെരിയ ഇരട്ടക്കൊലക്കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് 4 ദിവസം പിന്നിട്ടപ്പോഴാണ് അന്വേഷണ സംഘത്തെ കൂട്ടമായി സ്ഥലംമാറ്റിയത്. ക്രൈംബ്രാഞ്ച് സംഘത്തിലെ ഒരു DySP യെയും രണ്ട് സിഐമാരെയുമാണ് അന്വേഷണ സംഘത്തിൽ നിന്നും മാറ്റിയത്. ഡിവൈഎസ്പി ഷാജു ജോസ് സിഐമാരായ സുനിൽ കുമാർ രമേശൻ എന്നിവരെയാണ് സ്ഥലം മാറ്റിയത്. കേസന്വേഷണം ആരംഭിച്ച ക്രൈംബ്രാഞ്ചിന്റെ 5 അംഗ സംഘത്തിൽ ഇനിയുള്ളത് ഡിവൈഎസ്പി പ്രദീപ് കുമാർ മാത്രമാണ്.
കേസിൽ മുഖ്യപ്രതി പീതാംബരൻ ഉൾപ്പെടെ ഏഴ് പേരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. ഇതിൽ പീതാംബരനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് ഭാഷ്യം. കഴിഞ്ഞ മാസമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here