‘അന്ന് ഡ്യൂട്ടി, ഇന്ന് ചരിത്ര നിയോ​ഗം’; പി രാജീവിനെ അറസ്റ്റു ചെയ്ത പൊലീസ് ഉദ്യോ​ഗസ്ഥൻ ഇന്ന് പിന്തുണയുമായി തെരഞ്ഞെടുപ്പ് കൺവെൻഷനിൽ

25 വർഷങ്ങൾക്ക് മുൻപ് വിദ്യാർത്ഥി സമരം നയിച്ച പി രാജീവിനെ അറസ്റ്റു ചെയ്തുകൊണ്ടുപോയ പൊലീസ് ഉദ്യോ​ഗസ്ഥൻ ഇന്ന് അദ്ദേഹത്തെ പിന്തുണച്ച് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ. 2006ൽ ക്രൈംബ്രാഞ്ച് എസ്പിയായി വിരമിച്ച മാർട്ടിൻ മാത്യുവാണ് ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളത്തു നിന്നും മത്സരിക്കാനൊരുങ്ങുന്ന രാജീവിനെ പിന്തുണച്ച് കൺവെൻഷനിൽ പങ്കെടുത്തത്. അഡ്വക്കേറ്റ് സി എം നാസറാണ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കുന്ന മുൻ എസ്പിയുടെ ചിത്രം ഫെയ്സ്ബുക്കിൽ പങ്കുവെച്ചത്.

1994 നവംബർ 25ന് കൂത്തുപറമ്പിൽ പൊലീസ് നടത്തിയ വെടിവെപ്പിൽ പ്രതിഷേധിച്ച്‌ എറണാകുളത്ത് മുഖ്യമന്ത്രി കരുണാകരനെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചതിന് പി രാജീവ് ഉൾപ്പെടെ വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി മർദ്ദിച്ചിരുന്നു.

അന്ന് രാജീവിനെ അറസ്റ്റു ചെയ്ത് കൊണ്ടുപോയ പൊലീസ് ഉദ്യോ​ഗസ്ഥനാണ് മാർട്ടിൻ മാത്യു. ഹാർബർ സി ഐയായിരുന്ന മാർട്ടിൻ മുഖ്യമന്ത്രി കരുണാകരന്റെ സന്ദർശനം പ്രമാണിച്ച് എറണാകുളത്ത് സ്പെഷ്യൽ ഡ്യൂട്ടിയിൽ ആയിരുന്ന സമയത്താണ് സംഭവം. ഒരു കീറത്തുണികൊണ്ട് നഗ്നത മറച്ച രാജീവിനെ മാര്‍ട്ടിന്‍ പിടിച്ചുകൊണ്ടുപോകുന്ന ചിത്രം വലിയ രീതിയിൽ സമൂഹ ശ്രദ്ധ നേടിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top