റഫാൽ: പുതിയ സത്യവാങ്മൂലം സമർപ്പിക്കണമെന്ന് സർക്കാർ സുപ്രീംകോടതിയിൽ

റഫാൽ ഇടപാടിൽ പുതിയ സത്യാവാങ്മൂലം സമർപ്പിക്കണമെന്ന് സർക്കാർ സുപ്രീംകോടതിയിൽ. പുതിയ സത്യവാങ്മൂലം ഫയൽ ചെയ്യാൻ കേന്ദ്ര സർക്കാരിന് സുപ്രീംകോടതി അനുമതി നൽകി. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ പുതിയ സത്യവാങ്മൂലം സമർപ്പിക്കുന്നത്. നാളെ വൈകുന്നേരം മൂന്ന് മണിക്കാണ് കേസ് പരി​ഗണിക്കുക.

നേരത്തേ റഫാൽ കേസിൽ പുനപരിശോധന ഹർജി പരിഗണിക്കവെ പ്രതിരോധ രേഖകൾ മോഷണം പോയതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും റഫാൽ ഇടപാടിലെ രഹസ്യ രേഖകൾ സംബന്ധിച്ച വിശദാംശങ്ങൾ പ്രസിദ്ധീകരിച്ച ദി ഹിന്ദു പത്രത്തിന്റെ നടപടി ഔദ്യോഗിക രഹസ്യ നിയമപ്രകാരം കുറ്റകരമാണെന്നും കേന്ദ്രസർക്കാരിന് വേണ്ടി അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ പറഞ്ഞിരുന്നു. കെ കെ വേണു​ഗോപാലും ഹർജിക്കാർക്ക് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷനും തമ്മിൽ കടുത്ത വാദപ്രതിവാദങ്ങളായിരുന്നു കോടതിയിൽ നടന്നത്. കേന്ദ്രസർക്കാരിനെ കോടതിയും ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു,

ഇതിന് പിന്നാലെ റഫാൽ രേഖകൾ നഷ്ടപെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കെ കെ വേണുഗോപാൽ രം​ഗത്തെത്തി. രേഖകളുടെ ഫോട്ടോകോപ്പി പുറത്തു പോയി എന്നാണ് താൻ കോടതിയിൽ ഉദ്ദേശിച്ചതെന്നും സർക്കാർ രഹസ്യ രേഖകളായി കണക്കാക്കുന്നവയുടെ പകർപ്പുകൾ പുനപരിശോധന ഹർജിക്കൊപ്പം ഉപയോഗിച്ചുവെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top