കരമനയിലെ കൊലപാതകം; അഞ്ച് പ്രതികള്‍ പിടിയിലായെന്ന് പൊലീസ്

തിരുവനന്തപുരം കരമനയില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ച് പ്രതികള്‍ അറസ്റ്റിലായതായി സിറ്റി പോലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്‍ പറഞ്ഞു. പിടിയിലായവരില്‍ രണ്ടു പേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവരാണ്. കേസില്‍ ഇനിയും 8 പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും പ്രതികളെല്ലാം ക്രിമിനില്‍ പശ്ചാത്തലമുള്ളവരാണെന്നും കമ്മീഷണര്‍ പറഞ്ഞു.
ഉത്സവത്തിനിടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ആസൂത്രിതമായാണ് കൊലപാതകം നടപ്പാക്കിയത്. പ്രതികള്‍ ലഹരിമരുന്നിന് അടിമകളാണ്.രണ്ടു സംഘങ്ങളും തമ്മില്‍ മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും.അന്വേഷണത്തില്‍ പോലീസിനു വീഴ്ച്ച പറ്റിയിട്ടില്ലെന്നും കമ്മീഷണര്‍ സഞ്ജയ് കുമാര്‍ ഗുരുദിന്‍ വ്യക്തമാക്കി.കിരണ്‍ കൃഷ്ണന്‍(ബാലു),മുഹമ്മദ് റോഷന്‍,അരുണ്‍ ബാബു,അഭിലാഷ്, രാം കാര്‍ത്തിക് എന്നിവരാണ് അറസ്റ്റിലായ പ്രതികള്‍.
Read Also: കരമന കൊലക്കേസിലെ പ്രതികൾ പിറന്നാൾ ആഘോഷിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കരമന കൊഞ്ചിറവിള സ്വദേശി അനന്തു ഗിരീഷിനെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. കൊഞ്ചിറവിള ക്ഷേത്ര ഉത്സവത്തിനിടെ അനന്തുവും മറ്റൊരു സംഘവുമായി തര്‍ക്കമുണ്ടായിരുന്നു. ഇതിനു ശേഷം ബൈക്കില്‍ കരമന ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന അനന്തുവിനെ ഒരു സംഘം തട്ടിക്കൊണ്ടു പോവുകയായിരുന്നു. പിന്നീട് അനന്തുവിന്റെ മൃതദേഹം കരമനയിലെ ഒരു ബൈക്ക് ഷോറൂമിന് സമീപത്തുനിന്നാണ് കണ്ടെത്തിയത്. ഇതിനിടെ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ പിറന്നാളാഘോഷിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. കൊലപാതകം നടന്ന സ്ഥലത്തു വെച്ച് പ്രതികള്‍ പിറന്നാളാഘോഷിക്കുന്ന ദ്യശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. പിറന്നാളാഘോഷത്തിനു ശേഷമാണ് പ്രതികള്‍ അനന്തുവിനെ തട്ടിക്കൊണ്ടുവന്നു കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ നിഗമനം. ദ്യശ്യങ്ങളിലുള്ള മറ്റുള്ളവര്‍ക്ക് കൊലപാതകത്തിലുള്ള പങ്കിനെപ്പറ്റിയും പോലീസ് അന്വേഷിച്ചു വരികയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here