തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസുവിനെ ഉടന്‍ മാറ്റണമെന്ന് ഹൈക്കോടതി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പുതിയ കമ്മീഷണറുടെ നിയമനം വൈകുന്നതില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. നിലവിലെ കമ്മീഷണര്‍ എന്‍. വാസുവിനെ ഉടന്‍ മാറ്റണമെന്നും ദേവസ്വം കമ്മീഷണര്‍ നിയമനത്തിനുള്ള പുതിയ പട്ടിക നാളെ സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. നിലവിലെ ദേവസ്വം കമ്മീഷണറെ മാറ്റാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍ നടപടിയെ അതിരൂക്ഷമായ ഭാഷയിലാണ് കോടതി വിമര്‍ശിച്ചത്.

Read Also: ശബരിമല യുവതീപ്രവേശനം; ദേവസ്വം ബോര്‍ഡ് നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് കമ്മീഷണര്‍

കാലാവധി കഴിഞ്ഞിട്ടും കമ്മീഷണര്‍ സ്ഥാനത്ത് വാസു തുടരുന്നത് ശരിയല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കമ്മീഷണറെ ഉടന്‍ മാറ്റാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. വാസുവിനെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കില്ലെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇനിയും നടപടി സ്വീകരിക്കാത്ത പക്ഷം മറ്റ് വഴികള്‍ നോക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

Read Also: നടയടച്ച തന്ത്രിയുടെ നടപടി തെറ്റ്: ദേവസ്വം കമ്മിഷണർ

നേരത്തെ കാലാവധി അവസാനിച്ചിട്ടും എന്‍.വാസുവിനെ കമ്മീഷണര്‍ സ്ഥാനത്ത് തുടരാന്‍ സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ദേവസ്വം കമ്മീഷണര്‍ സ്ഥാനത്തേക്ക് പുതിയ പട്ടിക സമര്‍പ്പിക്കാന്‍ ആറാഴ്ചത്തെ സമയം കോടതി നല്‍കിയിരുന്നു. എന്നാല്‍ ഈ സമയത്തിനുള്ളില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാകാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. ദേവസ്വം കമ്മീഷണര്‍ നിയമനത്തിനുള്ള പുതിയ പട്ടിക നാളെ തന്നെ സമര്‍പ്പിക്കണമെന്നാണ് കോടതി ഇന്ന് ഉത്തരവിട്ടിരിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top