ആശുപത്രിയില്‍ എത്തിക്കാന്‍ അവസാന നിമിഷവും ജിബിന്‍ കേണപേക്ഷിച്ചു; പക്ഷേ അവര്‍ മര്‍ദ്ദനം തുടരുകയായിരുന്നു

കാക്കനാട് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായ ജിബിന്‍ തന്റെ ജീവന് വേണ്ടി അവസാന നിമിഷവും കേണപേക്ഷിച്ചു. തന്നെ ഏതെങ്കിലും ആശുപത്രിയില്‍ എത്തിക്കണമെന്നും മറ്റെന്തെങ്കിലും പറ്റിയതാണെന്ന് പറഞ്ഞോളാമെന്നുമാണ് ജിബിന്‍ മര്‍ദ്ദിച്ചവരോട് കരഞ്ഞപേക്ഷിച്ചത്. എന്നാല്‍ കൊലയാളിക്കൂട്ടം മര്‍ദ്ദനം തുടരുകയായിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതികള്‍ തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

വീടിനു പുറത്തു കൂടിയുള്ള ഗോവണിയില്‍ നിന്നും പ്രതികള്‍ ജിബിനെ ചവിട്ടി താഴെയിട്ടു. തുടര്‍ന്ന് ഗ്രില്ലില്‍ കെട്ടിയിട്ട് കൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇരുമ്പു ദണ്ഡും ചുറ്റിക, അമ്മി എന്നിവയും ജിബിനെ മര്‍ദ്ദിക്കാന്‍ പ്രതികള്‍ ഉപയോഗിച്ചു. ക്രൂരമായ മര്‍ദ്ദനത്തെത്തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് ജിബിന്റെ ജീവനെടുത്തത്. മര്‍ദ്ദനത്തില്‍ ജിബിന്റെ വാരിയെല്ലുകള്‍ തകര്‍ന്നിരുന്നു.

Read more: കൊച്ചിയില്‍ വഴിയരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആള്‍ക്കൂട്ട കൊലപാതകം

ഭര്‍തൃമതിയായ യുവതിയുമായുള്ള ബന്ധത്തിന്റെ പേരില്‍ നടന്ന സദാചാര കൊലയായിരുന്നു ജിബിന്റേത്. മര്‍ദ്ദിച്ച് കൊന്നശേഷം വാഹനാപകടം എന്നു വരുത്തി തീര്‍ക്കാന്‍ മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. സമീപം ജിബിന്റെ ബൈക്കും മറിച്ചിട്ടു. അപകടം ആണെന്നായിരുന്നു ആദ്യം എല്ലാവരും കരുതിയത്. പിന്നീട് നടത്തിയ വിശദമായ പരിശോധനയിലാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

13 പേരെയാണ് സംഭവത്തില്‍ കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. ഇതില്‍ 11 പേരും ജിബിന്‍ കൊല്ലപ്പെടുന്ന വീടിനു പരിസരത്തുള്ളവരാണ്. മൂന്നുപേര്‍ പുറത്തു നിന്നുള്ളവരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top