ലോക്‌സഭാ തെരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് പി ജെ ജോസഫ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് ആവര്‍ത്തിച്ച് പി ജെ ജോസഫ്. ഇപ്പോഴും പ്രതീക്ഷയുണ്ട്. നാളെ വൈകീട്ടോടെ അന്തിമ തീരുമാനം ഉണ്ടാകുമെന്നും പി ജെ ജോസഫ് തൊടുപുഴയില്‍ പ്രതികരിച്ചു. ഇടുക്കിയില്‍ സ്ഥാനാര്‍ത്ഥിയാകാമെന്ന പ്രതീക്ഷയാണ് പാര്‍ട്ടി പ്രവര്‍ത്തകരോടും പിജെ ജോസഫ് പങ്കുവെയ്ക്കുന്നത്.
Read more: പി ജെ ജോസഫ് ഇടുക്കിയില്‍ പൊതു സ്വതന്ത്രനായി മത്സരിച്ചേക്കും
പി ജെ ജോസഫിനെ ഇടുക്കിയില്‍ പൊതു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു സമവായ നീക്കം. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇലക്കും മുള്ളിനും കേടില്ലാതെ കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിന് തിരക്കിട്ട നീക്കങ്ങളാണ് കോണ്‍ഗ്രസ് നേതൃത്വം നടത്തുന്നത്.
ഒരേ സമയം കെ എം മാണിയെയും പി ജെ ജോസഫിനെയും വിശ്വാസത്തിലെടുത്തു കൊണ്ടുള്ള പരിഹാര മാര്‍ഗ്ഗമാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി പി ജെ ജോസഫിനെ ഇടുക്കിയില്‍ പൊതു സ്വതന്ത്രനാക്കാനുള്ള ആലോചനകളാണ് കോണ്‍ഗ്രസില്‍ നടക്കുന്നത്. അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് മുസ്ലിം ലീഗിന്റെ അഭിപ്രായവും കോണ്‍ഗ്രസ് നേതൃത്വം തേടും. അധിക സീറ്റുകള്‍ വേണമെന്നാവശ്യപ്പെട്ട മുസ്ലിം ലീഗിനെയും കേരളാ കോണ്‍ഗ്രസിനെയും കോണ്‍ഗ്രസ് നേതൃത്വം അനുനയിപ്പിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here