മക്കയിലെ ഹോട്ടലുകളില്‍ സ്വദേശിവത്കരണം ശക്തമാക്കുന്നു

മക്കയിലെ ചരിത്ര വിനോദ കേന്ദ്രങ്ങള്‍ സംരക്ഷിക്കാനും മക്കയിലെ ഹോട്ടലുകളില്‍ സ്വദേശിവത്കരണം ശക്തമാക്കാനും ടൂറിസം വകുപ്പ് തീരുമാനിച്ചു. ഈ രംഗത്തെ സേവനം മെച്ചപ്പെടുത്തുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്‌കരിക്കാനും തീരുമാനമായി. മക്കയില്‍ മാത്രം നൂറിലേറെ ചരിത്ര, പൈതൃക, വിനോദ കേന്ദ്രങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. ഈ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ തീര്‍ഥാടകര്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഒരുക്കാനാണ് മക്കയിലെ ടൂറിസം ദേശീയ പൈതൃക വകുപ്പിന്റെ തീരുമാനം. ഇതിനായി കൂടുതല്‍ ടൂര്‍ ഗൈഡുകള്‍ക്ക് പരിശീലനം നല്‍കും.

വനിതകള്‍ ഉള്‍പ്പെടെ നാനൂറിലേറെ സൗദി ടൂര്‍ ഗൈഡുകള്‍ക്ക് ഇതിനകം പരിശീലനം നല്‍കിയിട്ടുണ്ട്. ഹജ്ജ് സേവനം ചെയ്യുന്ന മുതവിഫുമാരുടെ മക്കളെ ടൂര്‍ ഗൈഡുകള്‍ ആയി ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കും. സന്ദര്‍ശന കേന്ദ്രങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ പ്രത്യേക കാമ്പയിന്‍ നടത്തും. മക്കയിലെ ചരിത്ര, പൈതൃക കേന്ദ്രങ്ങളെ ടൂറിസം വകുപ്പിന്റെ അംഗീകൃത പട്ടികയില്‍ ഉള്‍പ്പെടുത്തും.

ഈ കേന്ദ്രങ്ങളില്‍ മതപരമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മക്കയിലെ ടൂറിസം ദേശീയ പൈതൃക വകുപ്പ് മേധാവി ഡോ.ഹിഷാം ബിന്‍ മുഹമ്മദ് മദനി പറഞ്ഞു. മക്കയിലെ ഹോട്ടലുകളില്‍ സ്വദേശിവത്കരണം ശക്തമാക്കാനും പദ്ധതി ആവിഷ്‌കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. മക്കയില്‍ തീര്‍ഥാടകര്‍ക്ക് താമസിക്കാനായി ടൂറിസം വകുപ്പിന്റെ ലൈസന്‍സ് ഉള്ള 1303 ഹോട്ടലുകളും 135 ഫര്‍ണിഷ്ഡ് അപ്പാര്‍ട്‌മെന്റുകളും ഉണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top